Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിസോർട്ടുകളിൽ ഒളിക്കാൻ വീണ്ടും കന്നഡ രാഷ്ട്രീയം

karnataka-election-bjp-1

ബെംഗളൂരു ∙ കേരള ടൂറിസംകാർ വെറുതേ ട്രോളിയതല്ല; കർണാടകയിൽ ഇതു റിസോർട്ട് രാഷ്ട്രീയത്തിന്റെ കാലംതന്നെ. ഭരണം ആർക്കെന്ന അനിശ്ചിതത്വങ്ങൾക്കിടെ കോൺഗ്രസും ജനതാദൾ എസും നിയുക്ത എംഎൽഎമാരെ ബെംഗളൂരുവിനു സമീപം ബി‍ഡദിയിലെ ഈഗിൾടൺ റിസോർട്ടിലേക്കു മാറ്റി. കോൺഗ്രസിന്റെ ‘ക്രൈസിസ് മാനേജർ’ ഡി.കെ.ശിവകുമാറിനാണ് പാർട്ടി എംഎൽഎമാരുടെ പൂർണ ചുമതല.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വാർത്തകളിൽ നിറഞ്ഞതാണ് ഈഗിൾടൺ റിസോർട്ട്. ഗുജറാത്തിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള വിജയം ഉറപ്പാക്കാൻ 44 ഗുജറാത്ത് എംഎൽഎമാരെ ഒരാഴ്ചയിലേറെ ഇവിടെ പാർപ്പിച്ചു. തൊട്ടുപിന്നാലെ ഡി.കെ.ശിവകുമാറിനെതിരെ ആരംഭിച്ച ആദായ നികുതി റെയ്ഡിന്റെ നിയമ നടപടികൾ ഇന്നും തുടരുന്നു.

രാഷ്ട്രീയ കുതിരക്കച്ചവടം പതിവായ കർണാടകയിൽ അടുത്തകാലത്തു നടന്ന റിസോർട്ട് നാടകങ്ങൾ ഇങ്ങനെ:

∙ 2008–10 കാലത്തു ബി.എസ്.യെഡിയൂരപ്പയുടെ കലയായിരുന്നു റിസോർട്ട് രാഷ്ട്രീയം. മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം വിശ്വാസവോട്ട് തേടിയതു നാലുതവണ. നാലുവട്ടവും സാമാജികർ കേരളത്തിലെയും ഗോവയിലെയും പഞ്ചനക്ഷത്ര റിസോർട്ടുകളിൽ തമ്പടിച്ചു. 

∙ 2011ൽ യെഡിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വിശ്വസ്തൻ സദാനന്ദ ഗൗഡയെ മുഖ്യമന്ത്രിയാക്കാൻ തന്റെ പക്ഷത്തെ എംഎൽഎമാരെ ബെംഗളൂരുവിനു പുറത്തുള്ള റിസോർട്ടിലേക്കു മാറ്റി. ജഗദീഷ് ഷെട്ടറെ മുഖ്യമന്ത്രിയാക്കാൻ ബിജെപി ആലോചിച്ചപ്പോഴായിരുന്നു അത്. എന്നാൽ, അതേ സദാനന്ദ ഗൗഡയെ പുറത്താക്കാൻ തൊട്ടടുത്ത വർഷം റിസോർട്ട് രാഷ്ട്രീയം ആവർത്തിച്ചു യെഡിയൂരപ്പ. 

∙ 2006 ജനുവരിയിൽ എൻ.ധരംസിങ്ങിന്റെ മന്ത്രിസഭയ്ക്ക് എച്ച്.ഡി.കുമാരസ്വാമി പിന്തുണ പിൻവലിച്ചതിനെത്തുടർന്നു രാഷ്ട്രീയ പ്രതിസന്ധിയുണ്ടായി. ഇതോടെ ബിജെപി 75 എംഎൽഎമാരെ ചെന്നൈയിലെയും കൊടൈക്കനാലിലെയും ഹോട്ടലുകളിലേക്കു മാറ്റി. 

related stories