യുപി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം റാം നാഥിന് ഇരട്ടിമധുരം

റാം നാഥ് കോവിന്ദ് ഭാര്യ സവിതയ്ക്കൊപ്പം.

ഇക്കഴിഞ്ഞ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻഭൂരിപക്ഷം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റാം നാഥ് കോവിന്ദിനും തുണയായി. റാം നാഥിന് ഏറ്റവുമധികം വോട്ടുമൂല്യം ലഭിച്ചത് യുപിയിൽനിന്നാണ്; 69,680. ആകെ വോട്ടർമാരായ 403ൽ ഒരാളൊഴികെ എല്ലാവരും വോട്ട് ചെയ്തപ്പോൾ റാം നാഥിന് യുപിയിൽനിന്നു ലഭിച്ചത് 335 വോട്ടുകളാണ്.

ബിജെപി– ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയ്ക്കാണു വോട്ടുമൂല്യത്തിൽ രണ്ടാം സ്ഥാനം (36,400). പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ പിന്തുണച്ചപ്പോൾ ആന്ധ്രയിൽനിന്നു സാധുവായ മുഴുവൻ വോട്ടും റാംനാഥിനു ലഭിച്ചു. റാംനാഥിന്റെ വോട്ടുമൂല്യത്തിൽ ആന്ധ്രയാണ് മൂന്നാം സ്ഥാനത്ത്( 27,189). 

അണ്ണാ ഡിഎംകെ പിന്തുണച്ച തമിഴ്നാട് (23,584), ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് (22,401), ഗുജറാത്ത് (19404) സംസ്ഥാനങ്ങളും വോട്ടുമൂല്യത്തിൽ റാം നാഥിന് വലിയ നേട്ടമാണു സമ്മാനിച്ചത്.

മീരാകുമാറിന് ഏറ്റവുമധികം വോട്ടുമൂല്യം ലഭിച്ചത് ബംഗാളിൽനിന്നാണ് – 294 വോട്ടിൽ 273 എണ്ണം മീരാകുമാറിനു ലഭിച്ചു (വോട്ടുമൂല്യം 41,223). മീരാകുമാറിനു ലഭിച്ച വോട്ടുകളുടെ മൂല്യത്തിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്(20,976). ആകെ പോൾ ചെയ്ത 139 വോട്ടിൽ 138 വോട്ടുകൾ മീരാകുമാറിനു ലഭിച്ചു. 

കർണാടകയാണ് മീരാകുമാറിനെ തുണച്ച വോട്ടുമൂല്യത്തിൽ രണ്ടാം സ്ഥാനത്ത്. (20,976).