അയ്യോ ഞാൻ മരിച്ചോ? എപ്പോ..?

‘മോന്തക്കിട്ട് ഒന്നു പൊട്ടിച്ചിട്ട് കണ്ണാടിയെടുത്ത് കാണിക്കെടാ അപ്പോൾ കാണാം മാർക്ക്’ എന്നുള്ള ഇന്നസന്റിന്റെ മിഥുനത്തിലെ ആ ഡയലോഗുണ്ടെല്ലോ? നാടക വേദിയിലെ ഒരാശാന്റെ പണികണ്ടിട്ട് അതാണ് ഓർമ്മവന്നത്. കണ്ണാടിയെടുത്ത് കാണിച്ചില്ലെങ്കിലും കരണത്തിട്ടൊന്ന് പൊട്ടിക്കാമായിരുന്നു. അത്രയ്ക്കുണ്ട് കാട്ടിക്കൂട്ടിയത്.

ക്ലസ്റ്റർ മാറ്റി നാടകം വേഗത്തിലാക്കാൻ മൽസരാർഥിയുടെ ജീവിച്ചിരിക്കുന്ന അച്ഛനെക്കൊന്നാണ് ഒരു പരിശീലകൻ ഉടായിപ്പിറക്കിയത്. പണ്ട് ക്ലാസിൽ വരാതിരിക്കുന്നതിന് കാരണമുണ്ടാക്കാൻ കുട്ടികൾ അപ്പൂപ്പനെയും അമ്മൂമ്മയുമൊക്കെ കൊല്ലുന്ന അതേ ലൈൻ. പക്ഷേ എത്രയൊക്കെ ഡീസന്റാകാൻ ശ്രമിച്ചാലും ആ ഫ്രോഡ് സ്വഭാവം ഇടക്കിടെ മുഖത്തേക്ക് തള്ളിക്കയറിവരുമെന്നൊരു പറച്ചിലുണ്ടല്ലോ. അതാണ് ഇവിയെയും പറ്റിപ്പോയത്. നിഷ്കളങ്കൻ ചമയുന്നതിനിടെ ആർക്കൊക്കെയോ ഡൗട്ടടിച്ചു. അത് സംഘാടകരുടെ ചെവിയിലുമെത്തി. ഒടുവിൽ സ്കൂൾ വഴി സംഗതി ഉറപ്പിച്ചു. ഉടായിപ്പ് തന്നെ.. ഏതായാലും വിദ്യാഭ്യാസ വകുപ്പ് ആശാനെ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വൈകാതെ പൊതുദർശനവും ഉണ്ടാകും. സംസ്കാരം കലോൽസവം കഴിയും വരെ നീട്ടിയേക്കുമെന്നാണ് വിവരം.

അഴിമതി ആരോപണം, കോഴ, ബഹളം തുടങ്ങി അങ്ങേയറ്റം പോയാൽ ആൾമാറാട്ടം വരെയൊക്കെയായിരുന്നു കലോത്സവത്തിൽ ഇതുവരെയുള്ള കുരുട്ട് പണികളുടെ ലിസ്റ്റ്. എന്നാൽ ബാലാവകാശകമ്മീഷന്റെ പേരിൽ വരെ വ്യാജ അപ്പീലിറക്കിയാണ് ഇത്തവണ പുരോഗമനം കാട്ടിയത്. വ്യാജനിറക്കിയവനെ പൊക്കാനുള്ള തീരുമാനത്തിലാണ് കമ്മീഷനും വിദ്യാഭ്യാസ വകുപ്പും. ഇനി അപ്പീൽ അനുവദിക്കുന്ന പ്രശ്നമേയില്ലന്നും കമ്മീഷൻ പറയുന്നു. സംഭവത്തിൽ അധ്യാപക സംഘടനയിലെ ഉൾപ്പെടെ ചിലരൊക്കെ നോട്ടപ്പുള്ളികളായിട്ടുണ്ടെന്നാണ് അറിവ്. വടി വെട്ടാൻ പോയിട്ടുണ്ട്. അടി ഏതു നിമിഷവും തുടങ്ങാം.

കുച്ചിപ്പുടി വേദിയിലും ആകെ കച്ചറ സീനായിരുന്നു. അപ്പീലിന്റെ അഴിഞ്ഞാട്ടമൊക്കെ കഴിഞ്ഞ് വിധി പറഞ്ഞപ്പോഴേക്കും വെളുപ്പാൻകാലമായി. 32 പേരാണ് കുച്ചിപ്പുടി കളിച്ചത്. വിധി വന്നപ്പോൾ കൂട്ടത്തോൽവി. കുച്ചിപ്പുടിയല്ല ഭരതനാട്യമാണ് മിക്കവരും കളിച്ചതെന്നൊക്കെയാണ് പറയുന്നത്. പിള്ളേർക്കാണോ വിധികർത്താക്കൾക്കാണോ അതോ സംഘാടകർക്കാണോ കിളിപോയതെന്നാണ് ഇപ്പോഴത്തെ സംശയം. ഏതായാലും വിദ്യാഭ്യാസ വകുപ്പിന് ചാകരയാണ്. അപ്പീലിന്റെ പെരുമഴക്കാലം. നനഞ്ഞില്ലേ? ഇനി കുളിച്ച് കയറട്ടെ...