Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ താന്ത്രികൻ ചന്ദ്രസ്വാമി അന്തരിച്ചു

chandra swamy

ന്യൂഡൽഹി ∙ തൊണ്ണൂറുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദ താന്ത്രികൻ ചന്ദ്രസ്വാമി (69) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്ന ചന്ദ്രസ്വാമിയുടെ അന്ത്യം ഇന്നലെ ഉച്ചയ്ക്കു 2.56ന് ആയിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ പിന്നാമ്പുറക്കഥകളിൽ ഏറെക്കാലം വിവാദനായകനായിരുന്നു ചന്ദ്രസ്വാമി.

പ്രധാനമന്ത്രി നരസിംഹറാവുവിന്റെ വിശ്വസ്ത ഉപദേഷ്ടാവായിരുന്ന സ്വാമി മറ്റൊരു പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തിൽ പങ്കാളിയായിരുന്നെന്ന് ആരോപണമുയർന്നിരുന്നു. രാജീവുമായി കടുത്ത ശത്രുതയിലായിരുന്ന ചന്ദ്രസ്വാമിയെ രാജീവിനെ കൊലപ്പെടുത്തിയ എൽടിടിഇക്കു സാമ്പത്തിക പിന്തുണ ലഭ്യമാക്കാൻ പ്രവർത്തിച്ചിരുന്നു എന്ന ആരോപണങ്ങൾ വേട്ടയാടിയിരുന്നു.

ഇന്ദിരാ ഗാന്ധി, റാവു മന്ത്രിസഭകളുടെ കാലത്ത് അധികാരത്തിന്റെ ഇടനാഴികളിലെ നിത്യസാന്നിധ്യമായിരുന്നു ഇദ്ദേഹം. രാജസ്ഥാനിലെ ഇടത്തരം കുടുംബത്തിൽ 1948 സെപ്റ്റംബർ 29നു ജനിച്ച നെമിചന്ദ് പിന്നീടു ലോകം കണ്ട വലിയ ഉപജാപകരിലൊരാളായ ചന്ദ്രസ്വാമിയായി വളർന്നത് അവിശ്വസനീയമായ കഥയാണ്.

ആന്ധ്രപ്രദേശിലായിരുന്നു കുട്ടിക്കാലം. ചെറുപ്പംമുതലേ ഹസ്തരേഖാ പ്രവചനം നടത്തുന്നതു ശീലമാക്കിയ ഇദ്ദേഹത്തെ മൂന്നു പ്രവചനങ്ങളാണു പ്രശസ്തനാക്കിയത്. ജിമ്മി കാർട്ടർ യുഎസ് പ്രസിഡന്റാകുമെന്ന് അമ്മ ലിലിയൻ കാർട്ടറുടെ കൈ നോക്കി പറ‍ഞ്ഞതാണ് അതിലൊന്ന്. പിന്നീടു കാർട്ടറുടെ സ്ഥാനാരോഹണച്ചടങ്ങിൽ മുഖ്യാതിഥികളിലൊരാളായിരുന്നു ചന്ദ്രസ്വാമി.

ചരൺ സിങ് പ്രധാനമന്ത്രിയാകുമെന്നു പ്രവചിച്ചതും ബ്രൂണയ് സുൽത്താന്റെ കൈ നോക്കി ഭാര്യയുടെ രോഗം എന്നു ഭേദപ്പെടുമെന്നു കൃത്യമായി പ്രവചിച്ചതും സ്വാമിക്കു പ്രസിദ്ധി നേടിക്കൊടുത്തു. ബ്രൂണയ് സുൽത്താൻ, നടി എലിസബത്ത് ടെയ്‌ലർ, ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ, ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ, ആയുധവ്യാപാരി അഡ്നൻ ഖഷ്തോഗി, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവർക്കെല്ലാം ആത്മീയ ഉപദേശങ്ങൾ നൽകിയിരുന്നതായി ഇദ്ദേഹം അവകാശപ്പെട്ടിരുന്നു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം നരസിംഹറാവു അധികാരത്തിലെത്തിയതോടെ ഡൽഹിയിൽ നാലു നിലകളിലുള്ള വിശ്വധർമയാതൻ സനാതൻ എന്ന ആശ്രമം സ്ഥാപിച്ചു. 1996ൽ ലണ്ടൻ കേന്ദ്രമാക്കിയ വ്യവസായിയെ കബളിപ്പിച്ച കേസിൽ‌ ഇദ്ദേഹം അറസ്റ്റിലായി. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന്റെ പേരിൽ തുടർച്ചയായി പ്രതിപ്പട്ടികയിലുമായി.

രാജീവ് ഗാന്ധിയുടെ വധത്തെത്തുടർന്നു ചന്ദ്രസ്വാമിക്ക് ഏർപ്പെടുത്തിയ വിദേശയാത്രാവിലക്ക് സുപ്രീം കോടതി നീക്കിയതു 2009ൽ ആയിരുന്നു. വിദേശനാണ്യ വിനിമയച്ചട്ട ലംഘനത്തിന്റെ പേരിൽ 2011ൽ സുപ്രീം കോടതി ഒൻപതു കോടി രൂപ പിഴശിക്ഷയും വിധിച്ചിരുന്നു.