Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നിൽ വലിയ കുഴി, ടയർ കയറിയിറങ്ങിയതും മൈൻ പൊട്ടി; ‘ചീളു കേസല്ല’ തുളസീധരൻ

Thulasidharan തുളസീധരൻ

ആലപ്പുഴ ∙ മൈൻ മനുഷ്യനാണു തുളസീധരൻ. ഒരു കുഴിബോംബ് പൊട്ടിത്തെറിച്ചതിന്റെ അവശിഷ്ടങ്ങളും പേറി തുളസീധരൻ ‘ഉരുക്കുമനുഷ്യ’നായി നടക്കാൻ തുടങ്ങിയിട്ട് 30 വർഷം കഴിയുന്നു. 

ഇന്ത്യയിൽ നിന്നുള്ള സമാധാനസേനാംഗമായി ശ്രീലങ്കയിലെത്തിയ നാലാം പാരാ റെജിമെന്റിലെ നായിക് ജെ.തുളസീധരനും 5 സഹപ്രവർത്തകർക്കും തമിഴ്പുലികൾ കാത്തുവച്ച സമ്മാനമായിരുന്നു ആ കുഴിബോംബ്, 1988 ൽ. വിശ്രമജീവിതത്തിലാണെങ്കിലും തിരുവനന്തപുരം കിള‍ിമാനൂർ കുന്നുമ്മൽ അമൃതനിവാസിൽ തുളസീധരനെ (63)  ഇപ്പോഴും പഴയ ഉരുക്കുചീളുകൾ നോവിക്കുന്നുണ്ട്.

1987 ഒക്ടോബറിലാണ് തുളസീധരൻ ശ്രീലങ്കയിലെ ജാഫ്ന സെക്ടറിൽ എത്തിയത്. 1988 ഓഗസ്റ്റിൽ പെണ്ണേരിക്കുളത്തിനും അക്കരായൻകുളത്തിനും ഇടയിലെ വനത്തിലൂടെ എൽടിടിഇയുടെ ആയുധപരിശീലന ക്യാംപിലേക്കുള്ള യാത്രയിലായിരുന്നു അപകടം ഒളിച്ചിരുന്നത്. വെടിവയ്പിൽ നിന്നു രക്ഷപ്പെടാൻ സാധാരണ 60 കിലോമീറ്റർ വേഗത്തിലാണു ജീപ്പ് ഓടിക്കാറ്. അന്നു ജീപ്പ് ഓടിച്ചത് തുളസീധരനാണ്. ജീപ്പിൽ ആറുപേർ.

മുന്നിൽ വലിയ കുഴി കണ്ട് തുളസീധരൻ വേഗം കുറച്ചു. അത് എൽടിടിഇ ഭീകരരുടെ കെണിയായിരുന്നു. ടയർ കയറിയിറങ്ങിയതും മൈൻ പൊട്ടി. ഒപ്പമുണ്ടായിരുന്ന സുരേന്ദർ സിങ്ങിന്റെ നട്ടെല്ലിലും സുസൈൽ ലൂർദുവിന്റെയും രമേശ് സിങ്ങിന്റെയും തലയിലും മൈൻ ചീളുകൾ തുളഞ്ഞുകയറി. സുരേന്ദർ സിങ്ങിന്റെ അരയ്ക്കു താഴെ തളർന്നു. തുളസീധരന്റെ കാൽ മുതൽ തല വരെ ശരീരത്തിന്റെ വലതുഭാഗം നിറയെ സ്റ്റീൽ ചീളുകൾ ആഴ്ന്നിറങ്ങി.

ജീപ്പിൽ നിന്നു പിടിച്ചിറങ്ങിയ തുളസീധരൻ കൈയിൽ കിട്ടിയ ലൈറ്റ് മെഷീൻ ഗൺ ഉപയോഗിച്ച് ലക്ഷ്യമില്ലാതെ തലങ്ങുംവിലങ്ങും വെടിയുതിർത്തു. വിവരമറിഞ്ഞെത്തിയ പട്ടാള സംഘമാണ് അടുത്തുള്ള ഫീൽഡ് ആംബുലൻസിൽ എത്തിച്ചത്. ചീളുകൾ അന്നു രാത്രി തന്നെ അവർ നീക്കംചെയ്തു. പിന്നീട് പുണെയിലെ പട്ടാള ആശുപത്രിയിലേക്ക്. 3 മാസം നീണ്ട ആശുപത്രി വാസം. 18 വർഷം മുൻപു വിരമിച്ച ശേഷം 15 വർഷം തിരുവനന്തപുരം ഏജീസ് ഓഫിസിലെ സുരക്ഷാ ജീവനക്കാരനായിരുന്നു തുളസീധരൻ.