കുട്ടികൾക്കും മുതിർന്നവർക്കും പാസ്പോർട്ട് ഫീസ് കുറയ്ക്കും: മന്ത്രി സുഷമ

ന്യൂഡൽഹി ∙ എട്ടു വയസ്സിനു താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പാസ്‌പോർട്ട് അപേക്ഷാ ഫീസ് 10% കുറയ്‌ക്കാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്‌തമാക്കി. തത്‌കാൽ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ അനുബന്ധ രേഖയായി റേഷൻ കാർഡും പരിഗണിക്കും.

കഴിഞ്ഞ വർഷത്തെ (2016–17) മികച്ച പാസ്‌പോർട്ട് ഓഫിസുകൾക്കുള്ള പാസ്‌പോർട്ട് സേവാ പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്‌തു. വലിയ പാസ്‌പോർട്ട് ഓഫിസുകളുടെ ഗണത്തിൽ ഒന്നാമതെത്തിയ കൊച്ചി പാസ്‌പോർട്ട് ഓഫിസിനുവേണ്ടി ആർപിഒ പ്രശാന്ത് ചന്ദ്രൻ പുരസ്‌കാരം സ്വീകരിച്ചു.

ഇടത്തരം പാസ്‌പോർട്ട് ഓഫിസുകളിൽ ഒന്നാം സ്‌ഥാനം നേടിയ തിരുവനന്തപുരത്തിനുവേണ്ടി ആർപിഒ ആഷിക് കാരാട്ടിലുംരണ്ടാമതെത്തിയ മലപ്പുറത്തിനുവേണ്ടി ആർപിഒ ജി.ശിവകുമാറും,  മൂന്നാമതെത്തിയ കോഴിക്കോടിനുവേണ്ടി  ആർപിഒ കെ.പി.മധുസൂദനനും പുസ്‌കാരം സ്വീകരിച്ചു. മികച്ച വെരിഫിക്കേഷൻ ഓഫിസർക്കുള്ള പുരസ്‌കാരം അജീഷ് സെബാസ്‌റ്റ്യനും (ബെംഗളൂരു), മികച്ച കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടിവിനുള്ള പുരസ്‌കാരം രജീഷ വളങ്കരയും (മലപ്പുറം) നേടി.

പാസ്‌പോർട്ടുകളിൽ വ്യക്‌തിവിവരങ്ങൾ ഹിന്ദിയിലും രേഖപ്പെടുത്തും. തത്‌കാൽ പാസ്‌പോട്ട് അപേക്ഷയ്ക്ക് ആധാർ കാർഡ്, പാൻകാർഡ് എന്നിവയോ റേഷൻ കാർഡ്, വോട്ടർ കാർഡ് എന്നിവയോ നൽകിയാൽ മതി.