Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമം കർശനമാക്കി ട്രായ്; കണക്ടിവിറ്റിയിൽ വീഴ്ചയ്ക്ക് ദിവസം ലക്ഷം രൂപ പിഴ

trai

ന്യൂഡൽഹി ∙ കണക്ടിവിറ്റി നിയമങ്ങൾ കർശനമാക്കിയ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) നിയമം ലംഘിക്കുന്നവർക്കുള്ള പ്രതിദിന പിഴ ഒരു ലക്ഷം രൂപവരെയായി ഉയർത്തി. വിവേചനമില്ലാതെ ഇന്റർകണക്‌ഷൻ ഉടമ്പടിയുണ്ടാക്കാൻ ടെലികോം കമ്പനികൾക്ക് ഒരു മാസം നിർബന്ധ കാലാവധിയാക്കി.

ഫെബ്രുവരി ഒന്നിനു നിലവിൽവരുന്ന പുതിയ നിബന്ധനകൾ ടെലികോം കമ്പനികളുടെ വിട്ടുവീഴ്ചയില്ലാത്ത സംഘട്ടനങ്ങൾക്ക് അറുതി വരുത്തിയേക്കും. മറ്റു ദാതാക്കളുടെ ഉപയോക്താക്കൾക്കു ശരിയായ സേവനം നൽകുന്നതിൽ ടെലികോം കമ്പനികൾ വീഴ്ചവരുത്തുന്നതു സംബന്ധിച്ച പരാതികൾ ഏറെയാണ്. ആവശ്യത്തിന് ഇന്റർ കണക്ട് പോയിന്റ്സ് നൽകുന്നില്ലെന്നതാണു പ്രധാന പരാതി. പുതുതായി രംഗത്തെത്തിയ റിലയൻസ് ജിയോയും നേരത്തേയുണ്ടായിരുന്ന എയർടെൽ, വൊഡാഫോൺ, ഐഡിയ എന്നിവയും തമ്മിലാണു തർക്കം. ഇന്റർ കണക്‌ഷൻ പ്രശ്നങ്ങൾ തീർക്കാൻ ട്രായ് അഞ്ചു ദിവസം നൽകിയിട്ടുണ്ട്.

ഇന്റർ കണക്‌ഷൻ ചാർജുകൾ സംബന്ധിച്ചു സേവനദാതാക്കൾ പരസ്പരം ചർച്ചചെയ്തു ധാരണയിലെത്തണം. അവ വിവേചനരഹിതവും യാഥാർഥ്യത്തിനു നിരക്കുന്നതുമാകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതേസമയം, പ്രതിസന്ധിയിലായ റിലയൻസ് കമ്യൂണിക്കേഷന്റെ 2ജി ഉപയോക്താക്കൾക്കു മറ്റു സേവനദാതാക്കളിലേക്കു മാറുന്നതിന് ഒരു മാസംകൂടി അനുവദിച്ചു. റിലയൻസ് കമ്യൂണിക്കേഷൻസ് 2ജി സേവനം കഴിഞ്ഞ മാസം നിർത്തിയിരുന്നു.