ബ്ലൂ വെയ്‌ലിനെ തടയാൻ സോഫ്‌ട്‌വെയർ

ന്യൂഡൽഹി ∙ ആത്മഹത്യയിലേക്കു നയിക്കുന്നുവെന്ന് ആക്ഷേപമുയർന്ന ബ്ലൂ വെയ്ൽ കളിയിൽ കുട്ടികൾ കുടുങ്ങാതിരിക്കാൻ സോഫ്ട്‌വെയർ ഒരുങ്ങുന്നു. കളിയുടെ തുടക്കത്തിലേ കണ്ടെത്തി മാതാപിതാക്കൾക്കും സ്ഥാപനങ്ങൾക്കും മുന്നറിയിപ്പു നൽകുന്ന സോഫ്റ്റ്‌വെയർ, ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയാണു തയാറാക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണു പദ്ധതി തുടങ്ങിയത്. പിഴവുകളില്ലാത്ത സംവിധാനം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണിപ്പോഴെന്നു ഫാക്കൽറ്റി ഇൻ ചാർജ് പൊന്നുരംഗം കുമാരഗുരു അറിയിച്ചു. അപകടരമായ ഗെയിം ഇൻസ്റ്റഗ്രാം, ട്വിറ്റർ പോലെ സമൂഹമാധ്യമങ്ങൾ വഴിയും വ്യാപകമാണെന്നു പറയുന്നു. വ്യക്തികളുടെ കംപ്യൂട്ടറിലോ സ്ഥാപനങ്ങളുടെ സെർവറുകളിലോ ഈ സോഫ്റ്റ്‌വെയർ സ്ഥാപിച്ചാൽ ഗെയിം ആരെങ്കിലും പിന്തുടർന്നാൽ ചില സന്ദേശ സൂചനകളിലൂടെ തിരിച്ചറിയാനാകും.