ബാങ്കിങ് ധവളപത്രം പുറപ്പെടുവിക്കണം: കോൺഗ്രസ്

ന്യൂഡൽഹി ∙ ബാങ്ക് വായ്പാ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെക്കുറിച്ചു കേന്ദ്ര സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തു 61,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ അരങ്ങേറിയതായി കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു.

നീരവ് മോദി– ചോക്സി തട്ടിപ്പിനു പിറകെ റോട്ടോമാക് പേന കമ്പനിയുടമ വിക്രം കോത്താരിയുടെ 800 കോടി രൂപയുടെ വായ്പാ തട്ടിപ്പും പുറത്തു വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വായ്പ തട്ടിപ്പുകാരും ബിജെപിയിലെ ഉന്നതരുമായുള്ള ബന്ധം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ആശങ്കയുളവാക്കുന്നതാണ്.

പൊതുമേഖലാ ബാങ്കുകളുടെ ആകെ കിട്ടാക്കടം 2017 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ചു 8.36 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 77 ശതമാനവും വൻകിട ബിസിനസ് സ്ഥാപനങ്ങളുടേതാണെന്നും മനീഷ് തിവാരി പറഞ്ഞു.