കോൺഗ്രസിന്റെ മുഖം രക്ഷിച്ചത് മേഘാലയ

ഷില്ലോങ് ∙ മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 180 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസമായത് മേഘാലയയിലെ 21 സീറ്റാണ്. മറ്റു രണ്ടിടത്തും പാർട്ടി ‘സംപൂജ്യ’മായി. 1972 മുതൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണു സംസ്ഥാനത്ത് ഏതെങ്കിലും പാർട്ടിക്കു കേവല ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്. 

ആദ്യ തിരഞ്ഞെടുപ്പിൽ ഓൾ പാർട്ടി ഹിൽ ലീഡേഴ്സ് കോൺഫറൻസ് 32 സീറ്റ് നേടി അധികാരത്തിലെത്തി. പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. കഴിഞ്ഞ എട്ടു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ പ്രകടനം 20–29നു മധ്യേയാണ്. കഴിഞ്ഞ തവണ നേടിയ 29 സീറ്റാണ് ഏറ്റവും മികച്ച പ്രകടനം. ഇത്തവണ 21 സീറ്റിൽ ജയിച്ചു. മുൻപ്രകടനങ്ങൾ: 29 (2013), 25 (2008), 22(2003), 25(1998), 24(1993), 22(1988), 25(1983). 1998 മുൻമുഖ്യമന്ത്രി പി.എ.സാങ്മ പാർട്ടിവിട്ടുപോയതിൽ പിന്നെ കോൺഗ്രസിനു നല്ലൊരു ശതമാനം വോട്ട് നഷ്ടമായി. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു ലഭിക്കുന്ന സീറ്റിൽ കുറവുണ്ടായില്ല. 

ഇത്തവണ ദ്വിമുഖ തന്ത്രമാണു ബിജെപി പരീക്ഷിച്ചത്. പ്രത്യക്ഷമായി സഹകരണമില്ലാതിരുന്നെങ്കിലും പരോക്ഷമായി അവർ എൻപിപിയെ സഹായിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തീവ്രപ്രചാരണം നടത്തി. ബിജെപിക്കു രണ്ടു സീറ്റു മാത്രമാണ് ലഭിച്ചതെങ്കിലും കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കാൻ കഴിഞ്ഞു. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള കോൺഗ്രസ് ടീമിനു കൂടി അവകാശപ്പെട്ടതാണ് മേഘാലയയിലെ പാർട്ടിയുടെ ജയം.