ഗൗരി വധം: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ കസ്റ്റഡിയിലുള്ള ഹിന്ദു യുവസേനാ നേതാവ് കെ.ടി.നവീൻ കുമാറിന്റെ അറസ്റ്റ് അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. കേസിൽ പ്രതിചേർത്ത ഇയാൾക്കെതിരെ കൊലപാതകക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. ആദ്യ അറസ്റ്റാണിതെന്നും ഇയാളെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും ഡിസിപി എം.എൻ.അനുചേത് അറിയിച്ചു. 

തീവ്ര ഹിന്ദു സംഘടനകളായ സനാതൻ സൻസ്തയുമായും ഹിന്ദു ജനജാഗൃതി സമിതിയുമായും നവീനു ബന്ധമുള്ളതായി റിപ്പോർട്ടുണ്ടെങ്കിലും എസ്ഐടി സ്ഥിരീകരിച്ചിട്ടില്ല. കൊല നടത്തിയ ആളെ ബൈക്കിൽ ഗൗരിയുടെ വീട്ടിനു മുന്നിലെത്തിച്ചതു നവീനാണെന്നാണു സംശയിക്കുന്നത്. 

ഇയാളുടെ എസ്ഐടി കസ്റ്റഡി അഞ്ചു ദിവസത്തേക്കു കൂടി നീട്ടി ബെംഗളൂരു അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. നവീന്റെ മൊഴി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 

ഗൗരിയുടെ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തതിനു സമാനമായ വെടിയുണ്ടകളുമായി ഫെബ്രുവരിയിലാണ് ഇയാൾ ക്രൈം ബ്രാഞ്ച് പിടിയിലായത്. നാലുപേർക്കു തോക്കുപയോഗിക്കാൻ പരിശീലനം നൽകിയെന്ന മൊഴിയും ഗൗരി വധക്കേസ് പ്രതികളുടെ രേഖാചിത്രവുമായി സാമ്യമുള്ളതും കണക്കിലെടുത്ത് എസ്ഐടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ ഗൗരിയുടെ വീട്ടിലെത്തിച്ചു കൊലപാതക രംഗങ്ങൾ പുനരാവിഷ്കരിച്ചു തെളിവെടുത്തു.