Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റിദ്ധരിപ്പിച്ചു: മന്ത്രി സുഷമയ്ക്കെതിരെ അവകാശലംഘന നോട്ടിസ്

sushama-swaraj

ന്യൂഡൽഹി ∙ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ കോൺഗ്രസ് രാജ്യസഭയിൽ അവകാശലംഘന നോട്ടിസ് നൽകി. ഇറാഖിലെ മൊസൂളിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതിനെക്കുറിച്ചു സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആക്ഷേപം. ഐഎസ് ഭീകരർ തട്ടിയെടുത്ത 39 ഇന്ത്യക്കാർ ജീവനോടെയിരിക്കുന്നുവെന്നു പറഞ്ഞു വന്ന സുഷമ, സഭയെ നാലുവർഷം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് എംപിമാരായ അംബിക സോണി, പ്രതാപ് ബജ്‌വ, ഷംഷേർ ദുല്ലോ എന്നിവർ നോട്ടിസിൽ കുറ്റപ്പെടുത്തി.

‘ധൈര്യമുണ്ടെങ്കിൽ എവിടെ നിന്നു ലഭിച്ച വിവരമനുസരിച്ചായിരുന്നു ഈ നിലപാടെന്നു വെളിപ്പെടുത്തണം. സഭയിൽ മന്ത്രി പറയുന്ന കാര്യങ്ങൾ അംഗങ്ങൾക്കു നൽകുന്ന ഉറപ്പാണ്.’ – അംബിക പറഞ്ഞു. സഭയിൽ പ്രശ്നമുന്നയിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ‘കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാവില്ലെ’ന്നായിരുന്നു മന്ത്രിയുടെ നിലപാട്. എങ്കിലും എല്ലാവരും ജീവിച്ചിരിക്കുന്നുവെന്ന് അവർ ആവർത്തിച്ചു. വിവരങ്ങൾ മൂടിവയ്ക്കാനാണു സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നത്.

ഒരു വർഷം മുൻപെങ്കിലും ഇന്ത്യക്കാർ മരിച്ചെന്ന വിവരം തങ്ങൾക്കു ലഭിച്ചിരുന്നു–കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തി. പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ പേരിലാണു സർക്കാർ രഹസ്യം സൂക്ഷിച്ചതെന്നാണു മുഖ്യ പ്രതിപക്ഷത്തിന്റെ ആരോപണം. രക്ഷപ്പെട്ട ഏക വ്യക്തിയായ ഹർസിത് മസി തിരിച്ചെത്തിയയുടൻ കൂട്ടക്കൊലയുടെ വിശ‌ദാംശങ്ങൾ നൽകിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസനീയമല്ലെന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എല്ലാവരും ജീവനോടെയുണ്ടെന്ന ഉറപ്പു കുടുംബാംഗങ്ങൾക്കു നൽകിക്കൊണ്ടിരിക്കുകയും ചെയ്തു.