മോദി സർക്കാരിനെതിരെ കോൺഗ്രസും നൽകി അവിശ്വാസ നോട്ടിസ്

ന്യൂഡൽഹി∙ മോദി മന്ത്രിസഭയ്ക്കെതിരെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ലോക്സഭയിൽ അവിശ്വാസപ്രമേയത്തിനു നോട്ടിസ് നൽകി. സഭാനേതാവ് മല്ലികാർജുൻ ഖർഗെയാണു സ്പീക്കർ സുമിത്ര മഹാജനു നോട്ടിസ് നൽകിയത്. രാമനവമിക്കുശേഷം ചൊവ്വാഴ്ച‌ സഭ വീണ്ടും സമ്മേളിക്കുമ്പോൾ നോട്ടിസ് പരിഗണന‌‌യ്ക്കെത്തും. പ്രാദേശിക വിഷയങ്ങളുന്നയിച്ച് ആന്ധ്ര കക്ഷികളായ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും നൽകിയ നോട്ടിസുകൾ സ്പീക്കറുടെ പക്കലുണ്ട്.

സർക്കാർ അനുകൂല കക്ഷികളായ അണ്ണാ ഡിഎംകെയും ടിആർഎസും നടുത്തളത്തിലിറങ്ങുന്ന സാഹചര്യത്തിൽ സ്പീക്കർ ഇവ പരിഗണിച്ചിട്ടില്ല. മുഖ്യപ്രതിപക്ഷം നേരിട്ടു നോട്ടിസ് നൽകണമെന്ന മറ്റു പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിനു കോൺഗ്രസ് വഴങ്ങുകയായിരുന്നു. തൃണമൂൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെ മറ്റു കക്ഷികളും പ്രത്യേക അവിശ്വാസ നോട്ടിസുകൾ നൽകണമെന്നും ചില പ്രതിപക്ഷ എംപിമാർ നിർദേശിച്ചിട്ടുണ്ട്.

കോൺഗ്രസ് എംപിമാർക്കു പാർട്ടി മൂന്നു വരി വിപ്പു നൽകി. മോശം സാമ്പത്തിക സ്ഥിതിയും ബാങ്കുകളുടെ ദുരവസ്ഥയും, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ ദേശീയപ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണു കോൺഗ്രസിന്റെ അവിശ്വാസപ്രമേയമെന്നു ഡപ്യൂട്ടി ചീഫ് വിപ് കെ.സി. വേണുഗോപാൽ പറഞ്ഞു. അവിശ്വാസപ്രമേയം വിജയിക്കാനും മോദി സർക്കാർ നിലംപതിക്കാനും സാധ്യത കുറവാണ്. ബിജെപിക്കു തനിച്ചു കേവലഭൂരിപക്ഷത്തിനാവശ്യമായ (272) പി‌ന്തുണയുണ്ട്. എൻഡിപി സഖ്യകക്ഷികളായിരുന്ന ടിഡിപിയും ശിവസേനയും എതിർപാളയത്തിലെത്തിയെന്ന പ്രത്യേകതയാണ് അവിശ്വാസത്തിനുള്ളത്.