Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരുകടന്ന അധികാരമല്ലേ യുഐഡിഎഐക്കു നൽകിയിരിക്കുന്നതെന്നു ജസ്റ്റിസ് ചന്ദ്രചൂഡ്

Supreme-Court

ന്യൂഡൽഹി ∙ ‘ഇങ്ങനെ പോയാൽ നാളെ ജനങ്ങളെല്ലാവരും ഡിഎൻഎ പരിശോധനയ്ക്കായി നിർബന്ധമായും രക്ത സാംപിളുകൾ നൽകണമെന്ന് ആവശ്യപ്പെടുകയില്ലേ?’ – ആധാർ പദ്ധതിക്കായി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന സവിശേഷ തിരിച്ചറിയൽ‍ അതോറിറ്റിക്ക് (യുഐഡിഎഐ) കേന്ദ്രം വലിയ അധികാരങ്ങൾ നൽകിയതിനെ പരോക്ഷമായി വിമർശിച്ച് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു.

ആധാർ പദ്ധതിയുടെ പേരിൽ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയിൽ കടന്നു കയറുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു പറ്റം ഹർജികൾ സുപ്രീംകോടതിയിൽ അഞ്ചംഗ ബെഞ്ച് പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമർശം. സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതരത്തിൽ അതിരുകടന്ന അധികാരമല്ലേ കേന്ദ്രം യുഐഡിഎഐക്കു നൽകിയിരിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

നാളെ രക്തസാംപിളുകൾ നൽകണമെന്ന് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് നാളത്തെ കാര്യം തനിക്ക് ഇന്നു പറയാൻ കഴിയില്ലെന്നു കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കെ.കെ.വേണുഗോപാൽ പറഞ്ഞു. ‘ഭാവിയിൽ രക്തം, മൂത്രം, തുപ്പൽ എന്നിവയുടെ എല്ലാം സാംപിളുകൾ ശേഖരിച്ചെന്നു വരാം. അന്ന് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ധാരാളം സന്നദ്ധസംഘടനകൾ കോടതിയെ സമീപിക്കുമല്ലോ. അന്ന് ഈ കോടതിക്കു തന്നെ അക്കാര്യത്തിൽ തീരുമാനം എടുക്കുകയും ചെയ്യാമല്ലോ’– ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ഭരണഘടനാ ബെഞ്ചിന്റെ മുൻപാകെ കെ.കെ.വേണുഗോപാൽ പറഞ്ഞു.

ആധാർ അടക്കം എല്ലാ സർക്കാർ തീരുമാനങ്ങളിലും കോടതി ഇടപെട്ടാൽ അതു രാജ്യത്തിന്റെ വികസനത്തെ മന്ദഗതിയിലാക്കുമെന്നും കേന്ദ്രത്തിനുവേണ്ടി അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ആധാർ വിഷയത്തിൽ ജനുവരിക്കുശേഷം 25 ദിവസത്തെ വാദങ്ങളാണു കോടതി കേട്ടത്.