Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ സവിശേഷം; പക്ഷേ, അവകാശങ്ങളിൽ തൊടരുത്

ന്യൂഡൽഹി∙ ‘മുന്തിയതിനെക്കാളും മികച്ചതാണ് സവിശേഷമായത്’– ആധാർ കേസിൽ ജസ്റ്റിസ് എ.കെ. സിക്രിയുടെ വിധിന്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. മികവല്ല, സവിശേഷതയാണ് ആധാറിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും കാണുന്ന മെച്ചം. 

എതിർവാദങ്ങൾ

പ്രധാനമായി മൂന്നു കാര്യങ്ങളാണ് പദ്ധതിക്കും നിയമത്തിനുമെതിരെ 27 ഹർജിക്കാർ ഉന്നയിച്ചത്:

∙ സ്വകാര്യതയെന്ന മൗലികാവകാശത്തിന്റെ ലംഘനമുള്ളതിനാൽ ഭരണഘടനാ വിരുദ്ധം

∙ നിർബന്ധമാക്കുന്നത് അവകാശലംഘനം

∙ ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമല്ല, സ്വകാര്യ സംരംഭങ്ങളുമായി പങ്കുവയ്ക്കുന്നതും തെറ്റ്.

കോടതി വിലയിരുത്തിയത്

∙ അന്തസ്സ് എന്നാൽ...: സ്വകാര്യത മൗലികാവകാശമാണെന്ന് മുൻപ് ഒൻപതംഗ ബെഞ്ച് വിധിച്ചത് ആധാർ ബെഞ്ചിൽനിന്നുവന്ന ചോദ്യത്തിന്റെ ഉത്തരമായാണ്. സ്വകാര്യത അന്തസ്സോടെയുള്ള ജീവിതത്തിന് ഒഴിവാക്കാനാവാത്ത ഘ‍ടകമെന്നതിൽ ആധാർ ബെഞ്ചും വിയോജിക്കുന്നില്ല. എന്നാൽ, ആനുകൂല്യങ്ങൾ ലഭിക്കുന്നതിലൂടെ ജീവിതം മെച്ചപ്പെടുന്നതിനെയും അന്തസ്സായി പരിഗണിക്കേണ്ടതുണ്ട്. 

∙ സ്വകാര്യതയെക്കാൾ വലിയ മെച്ചങ്ങൾ: ഒരളവുവരെ സ്വകാര്യത നഷ്ടപ്പെടുത്തിയാണെങ്കിലും ആധാർ വലിയ നേട്ടമുണ്ടാക്കുമെന്നാണ് കോടതിയുടെ യുക്തി. സബ്സിഡികൾ, ആനുകൂല്യങ്ങൾ തുടങ്ങിയവ ആർക്കുവേണ്ടിയാണോ ഉദ്ദേശിച്ചിട്ടുള്ളത്, അവർ‍ക്കുതന്നെ  ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചത് അങ്ങനെയാണ്.

സർക്കാരിന്റെ സബ്സിഡി, ക്ഷേമപദ്ധതികൾ, ആനുകൂല്യങ്ങൾ ഇവയ്ക്കായാണ് ആധാർ ഉപയോഗിക്കുകയെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഏതൊക്കെ സംഗതികൾ ഈ ഗണത്തിൽ പെടുമെന്ന് നിയമത്തിന്റെ ഏഴാം വകുപ്പിൽ പറയുന്നുമുണ്ട്. 

∙ വിദ്യാഭ്യാസവും പെൻഷനും അവകാശം: ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്​ഷൻ, പെൻഷൻ, സ്കൂൾ പ്രവേശനം, പ്രവേശന പരീക്ഷ എന്നിവയ്ക്ക് ആധാർ നിർബന്ധിതമാക്കുന്നത് നിയമത്തിന്റെ പിൻബലമില്ലാത്ത നടപടിയെന്നാണ് കോടതിയുടെ വിലയിരുത്തൽ. 

വ്യക്തികൾ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലും മൊബൈൽ എടുക്കുന്നതിലും സർക്കാരിന്റെ ആനുകൂല്യത്തിന്റെ പ്രശ്നമുദിക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സർവീസ് പെൻഷൻ സർക്കാർ ജീവനക്കാരുടെ അവകാശമാണ്, സ്കൂൾ പ്രവേശനം വിദ്യാർഥിയുടെ അവകാശമാണ്. രണ്ടും ആനുകൂല്യമല്ല. 

സിബിഎസ്ഇ, നീറ്റ്, യുജിസി പരീക്ഷകളിൽ ആൾമാറാട്ടം തടയാനാണ് ആധാർ നമ്പർ ചോദിക്കുന്നതെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചില്ല. 

∙ വിവരം കച്ചവടച്ചരക്കല്ല : ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ വാദം കോടതി അംഗീകരിക്കുന്നു. എന്നാൽ, സർക്കാരിന്റെ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ശേഖരിക്കുന്ന വിവരങ്ങളെ കച്ചവടച്ചരക്കാക്കി മാറ്റാൻ അനുവദിക്കില്ലെന്നാണ് സംശയം തെല്ലുമില്ലാതെ കോടതി പറയുന്നത്.

ആധാർ നിയമം: 3 വകുപ്പുകൾ റദ്ദാക്കി 

ആധാർ നിയമത്തിലെ സെക്‌ഷൻ 57, 47, 33 (2) എന്നിവ സുപ്രീംകോടതി റദ്ദാക്കി. 

∙ ‌സെക്‌ഷൻ 57 : സർക്കാരിനു പുറമേ, സ്വകാര്യസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിയമപരമായി തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യപ്പെടാൻ അനുവദിക്കുന്ന വകുപ്പ്. 

∙ സെക്‌ഷൻ 47 : ആധാറിനായി ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗപ്പെടുകയാണെ‌ങ്കിൽ പരാതിപ്പെടാനുളള അവകാശം യുഐഡിഎഐക്കു മാത്രമാണ്, വ്യക്തികൾക്കില്ല. 

∙ സെക്‌ഷൻ 33 (2): കേന്ദ്രസർക്കാരിലെ ജോയിന്റ് സെക്രട്ടറിയോ അതിനുമുകളിലോ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നിർദേശമുണ്ടെങ്കിൽ, ദേശീയസുരക്ഷാ താൽപര്യം മുൻനിർത്തി വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തണം.