ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് എഡിആർ റിപ്പോർട്ട്

ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപിയാണ്. രാജ്യത്തെ ഏഴു ദേശീയ പാർട്ടികളുടെ 2016–17 ലെ മൊത്തം വരുമാനത്തിന്റെ 66.34 ശതമാനം വരും ബിജെപിയുടെ മാത്രം സമ്പാദ്യം. വിവിധ രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ആദായനികുതി റിട്ടേണുകൾ സൂക്ഷ്മമായി പരിശോധിച്ചശേഷം ഡൽഹി ആസ്ഥാനമായുള്ള അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലാണ് ബിജെപിയുടെ സാമ്പത്തിക മേധാവിത്വം വിശദീകരിക്കുന്നത്.

2016–17 സാമ്പത്തിക വർഷത്തിൽ ഏഴു ദേശീയ പാർട്ടികളുടെ മൊത്തം വരുമാനം 1,559.17 കോടി രൂപയാണ്. ഇതിൽ 1,034.27 കോടി രൂപ ബിജെപിയുടെ വരവിൽപെടുന്നു (എല്ലാ പാർട്ടികളുടെയും വരുമാനത്തിന്റെ 66.34 ശതമാനം). രണ്ടാം സ്ഥാനത്തു നിൽക്കുന്ന കോൺഗ്രസിന്റെ വരുമാനം 225.36 കോടി രൂപ (മൊത്തം വരുമാനത്തിന്റെ 14.45 ശതമാനം).

ഏഴു ദേശീയ പാർട്ടികളിൽ വരുമാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് സിപിഐയാണ്– 2.08 കോടി രൂപ (മൊത്തം വരുമാനത്തിന്റെ 0.13%). 2016–17 വർഷത്തിൽ ഈ പാർട്ടികൾ 1,228.26 കോടി രൂപ ചെലവിട്ടു. ബിജെപി 710.05 കോടിയും കോൺഗ്രസ് 321.66 കോടി രൂപയും ചെലവഴിച്ചു. ബിഎസ്പി വരുമാനത്തിന്റെ 70 ശതമാനവും ബിജെപിയും സിപിഐയും 31 ശതമാനവും സിപിഎം ആറു ശതമാനവും മിച്ചംവച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.