ലോക്പാൽ സമിതി കോൺഗ്രസ് വീണ്ടും ബഹിഷ്കരിച്ചു

ന്യൂഡൽഹി∙ ലോക്പാൽ നിർണയസമിതി യോഗം കോൺഗ്രസ് വീണ്ടും ബഹിഷ്കരിച്ചു. യോഗത്തിലേക്കു പ്രത്യേക ക്ഷണിതാവായി മാത്രം വിളിച്ചതിൽ പ്രതിഷേധിച്ചാണു കോൺഗ്രസിന്റെ ലോക്സഭാ നേതാവ് മല്ലികാർജുൻ ഖർഗെ യോഗം ബഹിഷ്കരിച്ചത്. മുഖ്യപ്രതിപക്ഷത്തെ ലോക്പാൽ പ്രക്രിയയിൽനിന്ന് അപമാനിച്ച് അകറ്റി നിർത്താനാണു നീക്കമെന്നു ഖർഗെ ആരോപിച്ചു. നിലപാടു വ്യക്തമാക്കിക്കൊണ്ടു പ്ര‌ധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചിട്ടുണ്ട്.

ലോക്പാൽ, ലോകായുക്ത നിയമത്തിൽ ‘പ്രത്യേക ക്ഷണിതാവി’ന് ഇടമില്ലെന്നു ഖർഗെ വിശദീകരിച്ചു. അഭിപ്രായം രേഖപ്പെടുത്താനും വോട്ടു ചെയ്യാനും അധികാരമില്ലാതെ യോഗത്തിലേക്കു ക്ഷണിക്കുന്നതു രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. ലോക്പാൽ നിയമത്തിന്റെ സത്തയ്ക്കു വിരുദ്ധമായി സർക്കാർ നടത്തുന്ന പാവക്കൂത്തിൽ പങ്കെടുക്കുന്നതു ഭരണഘടനാപരമായി തന്റെ പദവിക്കു ചേർന്നതല്ലെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു.