ആധാർ ചോർച്ച തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും: സുപ്രീംകോടതി

ന്യൂഡൽഹി∙ ആധാർ വിവരങ്ങൾ ചോർന്നാൽ അതു തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചതു വിവാദമായ സാഹചര്യത്തിലാണ്, ആധാറുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന അഞ്ചംഗ ‍ബെഞ്ചിന്റെ നിരീക്ഷണം.

130 കോടി ഇന്ത്യക്കാരുടെ ആധാർവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക കഴിഞ്ഞയാഴ്ച സുപ്രീംകോടതി പങ്കുവച്ചിരുന്നു. ആധാർ വിവരങ്ങൾ ‘ആറ്റംബോംബ്’ അല്ലെന്നും സുരക്ഷിതമാണെന്നുമായിരുന്നു സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ (യുഐഡിഎഐ) മറുപടി.

ചോരുന്ന ആധാർവിവരങ്ങൾ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ ഉപയോഗിച്ചേക്കാം എന്നതാണ് യഥാർഥ ആശങ്കയെന്ന് ഇന്നലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. അങ്ങനെ സംഭവിച്ചാൽ, ജനാധിപത്യത്തിന് അതിനെ അതിജീവിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ആധാർവിവരങ്ങളുടെ സംരക്ഷണത്തിനു പ്രത്യേക നിയമമില്ലാത്ത സാഹചര്യത്തിൽ, സുരക്ഷാമാർഗങ്ങൾ എന്തൊക്കെയാണെന്ന് യുഐഡിഎഐയോടു കോടതി ആരാഞ്ഞു.