Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപരാഷ്ട്രപതിയുടെ തീരുമാനം: നിയമവിദഗ്ധർക്കു ഭിന്നാഭിപ്രായം

Venkaiah Naidu, Dipak Misra എം.വെങ്കയ്യ നായിഡു, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷം നൽകിയ കുറ്റവിചാരണ നോട്ടിസ് രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം.വെങ്കയ്യ നായിഡു നിരാകരിച്ച നടപടിയിൽ നിയമവിദഗ്ധർക്കു ഭിന്നാഭിപ്രായം.

എഫ്.എസ്. നരിമാൻ (സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ, ഭരണഘടനാ വിദഗ്ധൻ)

ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ നടത്താൻ മാത്രം ഗൗരവതരമായ ആരോപണങ്ങളൊന്നും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല. ഈ നോട്ടിസിന്മേൽ തീരുമാനമെടുക്കാനുള്ള നിയമാനുസൃത അധികാരി ഉപരാഷ്ട്രപതിയാണ്. അദ്ദേഹം ശരിയായ തീരുമാനമാണ് എടുത്തത്. ചീഫ് ജസ്റ്റിസിനെ വിചാരണ ചെയ്യണമെങ്കിൽ അദ്ദേഹം എന്തെങ്കിലും ചെയ്തുവെന്നോ ചെയ്തില്ലെന്നോ എന്ന ആരോപണം മാത്രം പോരാ, ഗൗരവതരമായ ഏതെങ്കിലും വിഷയം വേണം. മാത്രമല്ല, ഈ ചീഫ് ജസ്റ്റിസ് ഒക്ടോബറിൽ വിരമിക്കുകയാണ്. ഇനിയും നാലോ അഞ്ചോ വർഷം കാലാവധിയുള്ള ചീഫ് ജസ്റ്റിസാണെങ്കിൽ കുറ്റവിചാരണാ നീക്കം നടത്തുന്നതിന് അർഥമുണ്ട്. 

സുപ്രീം കോടതിയുടെ സൽപേരു കളയുക മാത്രമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാര്യം മാത്രമാണു പ്രതിപക്ഷം പറയുന്നത്, സുപ്രീം കോടതി എന്ന സ്ഥാപനത്തെ അവർ കാണുന്നില്ല. സ്ഥാപനമാണു പ്രധാനം. സ്ഥാപനത്തെ ഇകഴ്ത്താൻ പാടില്ല. എന്റെ ജീവിതകാലത്ത് ഇങ്ങനെ കാണേണ്ടിവരുമെന്നു കരുതിയില്ല. 

സോളി സൊറാബ്ജി (മുൻ അറ്റോർണി ജനറൽ)

ഉപരാഷ്ട്രപതി കൈക്കൊണ്ട തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചാലും വിജയിക്കുമെന്നു കരുതാനാവില്ല. രാജ്യസഭാ ചെയർമാൻ സ്വന്തം നിലയ്ക്കല്ല ഈ തീരുമാനമെടുത്തത്. അദ്ദേഹം പ്രമുഖ നിയമജ്ഞന്മാരുമായി കൂടിയാലോചന നടത്തിയിരുന്നു. കുറ്റവിചാരണ ചെയ്യാൻ വേണ്ട അടിസ്ഥാനം പരാതിയിലില്ല എന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഏതെങ്കിലും ഒരു ഉത്തരവിന്റെ പേരിൽ ചീഫ് ജസ്റ്റിസിനെയോ മറ്റേതെങ്കിലും ന്യായാധിപനെയോ കുറ്റവിചാരണ ചെയ്യുന്നതു ശരിയല്ല, നല്ല കീഴ്‌വഴക്കവുമല്ല. സുപ്രീം കോടതിക്കുള്ളിലെ പ്രശ്നങ്ങൾ അവിടെത്തന്നെ ആഭ്യന്തരമായി പരിഹരിക്കുകയാണു വേണ്ടത്. അല്ലാതെ രാഷ്ട്രീയക്കാരെ ഇടപെടുത്തുകയല്ല. 

പി.കെ. മൽഹോത്ര (മുൻ കേന്ദ്ര നിയമസെക്രട്ടറി)

ഉപരാഷ്ട്രപതിയുടെ തീരുമാനം നിയമപരമായി പൂർണമായി ശരിയാണ്. 1968ലെ ജഡ്ജസ് എൻക്വയറി ആക്ട് സെക്‌ഷൻ മൂന്നു പ്രകാരം ഇങ്ങനെ ഒരു നോട്ടിസ് ലഭിച്ചാൽ അതിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം രാജ്യസഭയുടെ ചെയർമാനും ലോക്സഭയുടെ സ്പീക്കർക്കുമാണ്. അവർക്കു നിയമവിദഗ്ധരുമായി കൂടിയാലോചിക്കാം. മുൻപ് ഇത്തരം നോട്ടിസുകൾ ലഭിച്ചപ്പോഴൊക്കെ അവ സ്വീകരിക്കാനാണു തീരുമാനിച്ചത്. സഭയുടെ അധ്യക്ഷന്മാർ നിരസിച്ചാലും നോട്ടിസ് നൽകിയവർക്കു പിന്നെയും ഒരു മാർഗംകൂടി ഉണ്ട്, സുപ്രീം കോടതിയെ സമീപിക്കുക. മറ്റേതൊരു ഹർജിയും പോലെ ഇതും സുപ്രീം കോടതി പരിഗണിക്കും.

തീരുമാനം തെറ്റി: സോമനാഥ് ചാറ്റർജി (മുൻ ലോക്സഭാ സ്പീക്കർ)

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ നടത്തണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ കക്ഷികൾ നൽകിയ നോട്ടിസിൽ തിരക്കിട്ടാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തീരുമാനമെടുത്തത്. ഇതു തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്, ജനാധിപത്യത്തിനു നല്ലതല്ല ഈ തീരുമാനം. ഈ നോട്ടിസ് തള്ളുന്നതിനു മുൻപു സാധാരണ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും സർക്കാർ പാലിക്കേണ്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ എന്തു നടപടിക്രമങ്ങളാണു പാലിക്കേണ്ടത് എന്നു ഭരണഘടനയിൽ വ്യക്തമായി അനുശാസിക്കുന്നുണ്ട്. അവ പിന്തുടരാതെയാണ് ഇപ്പോൾ വെങ്കയ്യ നായിഡു തിരക്കിട്ടു തീരുമാനമെടുത്തത്. ഇതിനു മുൻപു ജസ്റ്റിസുമാരെ കുറ്റവിചാരണ ചെയ്യാൻ നോട്ടിസ് ലഭിച്ചപ്പോഴൊക്കെ സഭാധ്യക്ഷന്മാർ എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു. 

കപിൽ സിബൽ (മുതിർന്ന അഭിഭാഷകൻ, മുൻ നിയമമന്ത്രി)

ഉപരാഷ്ട്രപതി തീരുമാനമെടുത്തതു വളരെ തിരക്കിട്ടാണ്. 67 പ്രതിപക്ഷ എംപിമാർ ഒപ്പുവച്ച നോട്ടിസ് ലഭിച്ചപ്പോൾ ഉപരാഷ്ട്രപതി കുറേക്കൂടി മനസ്സിരുത്തി പഠിച്ച ശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. സാധാരണ ഈ നോട്ടിസ് ലഭിച്ചാൽ അതിൽ പറയുന്ന ആരോപണങ്ങളെക്കുറിച്ചു പഠിക്കാൻ മൂന്നംഗ സമിതിയെ നിയമിക്കും. ഇവിടെ അതുണ്ടായില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ഉപരാഷ്ട്രപതിക്കു ചർച്ച നടത്താൻ കഴിയില്ലായിരിക്കാം. എന്നാൽ മറ്റു ജഡ്ജിമാരുടെ അഭിപ്രായം ആരായാമായിരുന്നു. ഇങ്ങനെ ഒരു നോട്ടിസ് നൽകാൻ എംപിമാർക്ക് അവകാശമുണ്ട്. ആ അവകാശത്തെ ലംഘിക്കുകയാണു ചെയ്തിരിക്കുന്നത്.