Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടത് ഐക്യത്തിന്റെ പാലമിടാൻ സിപിഐ

cpi-leaders ‘കൈ’കാര്യം ചെയ്യുമല്ലോ: സിപിഐ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചു കൊല്ലത്തു നടന്ന പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർറെഡ്ഡി സി.ദിവാകരൻ എംഎൽഎ, ദേശീയ നിർവാഹകസമിതി അംഗം പന്ന്യൻ രവീന്ദ്രൻ എ‌ന്നിവരുമായി സംഭാഷണത്തിൽ. ചിത്രം: മനോരമ

കൊല്ലം ∙ സിപിഐ പാർട്ടി കോൺഗ്രസ് പ്രതിനിധികളെ അഭിസംബോധന ചെയ്തു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നാളെ പ്രസംഗിക്കുന്നതാകും സിപിഐയുടെയും രാഷ്ട്രീയരേഖ. കോൺഗ്രസ് ബന്ധത്തിന്റെ കാര്യത്തിൽ ഇരുപാർട്ടികളും ഏതാണ്ടു തുല്യനിലപാടിലെത്തിയ അപൂർവ ചരിത്രസന്ദർഭത്തിൽ സിപിഐ പാർട്ടി കോൺഗ്രസിന് ഇന്നു കൊടിയേറും. കോൺഗ്രസുമായി ധാരണ വേണ്ട എന്ന ഭാഗം ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിൽ നിന്ന് ഒഴിവാക്കിയെടുക്കുന്നതിൽ വിജയിച്ച യച്ചൂരി, ഫലത്തിൽ നാളെ സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിക്കു നന്ദി പറയും. കാരണം, സിപിഎം പാർട്ടി കോൺഗ്രസിൽ സുധാകർ റെഡ്ഡി നടത്തിയ കാൽമണിക്കൂർ പ്രസംഗം പ്രതിനിധികളെ ചെറുതല്ലാതെ സ്വാധീനിച്ചെന്ന് യച്ചൂരി തിരിച്ചറിയുന്നു.

‘കോൺഗ്രസ്, ധാരണ’ എന്നീ വാക്കുകളുടെ പേരിൽ ഹൈദരാബാദിൽ തന്നെ വട്ടംചുറ്റിച്ച സിപിഎം കേരള നേതൃത്വത്തിനുള്ള ശക്തമായ മറുപടി കൂടി യച്ചൂരി കരുതിവച്ചിട്ടുണ്ടാകാം. സിപിഎം കോൺഗ്രസിൽ പ്രസംഗിച്ച ഇടതു നേതാക്കളിൽ പലരും നാളെ കൊല്ലത്തും എത്തുന്നുണ്ട്. ഇടത് ഐക്യം എന്ന സിപിഐയുടെ പ്രഖ്യാപിത നയത്തോടു മറ്റു നേതാക്കൾ അനുകൂലമായി പ്രതികരിച്ചാൽ കൊല്ലം കോൺഗ്രസ് സിപിഐയുടെ ചരിത്രത്തിൽ നിർണായകമാകും.

കോൺഗ്രസുമായി ധാരണ വേണ്ട എന്ന ഭാഗം ഒഴിവാക്കി സാധ്യത തുറന്നിട്ട സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയവും ബിജെപിക്കെതിരെ ജനാധിപത്യ, മതനിരപേക്ഷ ഇടതുശക്തികളുടെ യോജിപ്പു വേണമെന്ന് ആഹ്വാനം ചെയ്യുന്ന സിപിഐയുടെ രാഷ്ട്രീയ പ്രമേയവും ചെന്നവസാനിക്കുന്നത് ഒരേ വഴിയിലാണ്. അതിനു കരുത്തു പകരുന്ന പ്രഖ്യാപനവും സിപിഐ പാർട്ടി കോൺഗ്രസിലുണ്ടാകും. കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ തമ്മിൽ അകന്നുപോയേക്കാമെന്ന സൂചനകൾ ഇല്ലാതായതോടെ പാർട്ടി കോൺഗ്രസിന്റെ പ്രധാന അജൻഡ ഇടത് ഐക്യം തന്നെയാകും. അതിനോടുള്ള സിപിഎമ്മിന്റെ പ്രതികരണമാകും പാർട്ടി കോൺഗ്രസിന്റെ ക്ലൈമാക്സ്.

ദേശീയതലത്തിൽ സിപിഎമ്മും സിപിഐയും ധാരണ ഊട്ടിയുറപ്പിച്ചെങ്കിലും ഇടതുപക്ഷത്തിനു ഭരണമുള്ള കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ഭരണ നടപടികളെച്ചൊല്ലിയും പാർട്ടി നയങ്ങളെച്ചൊല്ലിയും നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥ പാർട്ടി കോൺഗ്രസിലെ സജീവ ചർച്ചാ വിഷയമാകും. പാർട്ടി കേരള ഘടകത്തിൽ നിലനിൽക്കുന്ന ഭിന്നിപ്പും കോൺഗ്രസിൽ പ്രതിഫലിക്കും. ഹൈദരാബാദിലേതു പോലെ കാറ്റും കോളുമടിക്കാതെ ഇതു പരിഹരിക്കാൻ നേതൃത്വം മുൻകയ്യെടുക്കേണ്ടി വരും.