തുരങ്ക യാത്ര സുഗമമാക്കാൻ നിർമിത ബുദ്ധി

ന്യൂഡൽഹി∙ തുരങ്കത്തിലെ വായുസഞ്ചാരം, സിഗ്നൽ ക്രമീകരണം, അറ്റകുറ്റപ്പണികൾ എന്നിവ മികച്ച രീതിയിൽ നടത്താൻ നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സേവനം തേടി റെയിൽവേ. മണിപ്പുരിലെ ജിരിബാം– ഇംഫാൽ റൂട്ടിലുള്ള പത്തര കിലോമീറ്ററോളം നീളമുള്ള തുരങ്കത്തിലാണു പുതിയ കളമൊരുക്കം.

സിഗ്നലുകളുടെ നിരീക്ഷണത്തില്‍ റെയിൽവേ നിർമിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെങ്കിലും തുരങ്കത്തില്‍ ഇതാദ്യമാണ്. നീളം കൂടിയ തുരങ്കമായതിനാൽ ഓരോ 500 മീറ്ററിലും സേഫ്റ്റി ടണലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തീപിടിത്തം പോലെയുള്ള അപകട ഘട്ടങ്ങളിൽ പുതിയ സംവിധാനം മുന്നറിയിപ്പു നൽകും. യാത്രക്കാർക്ക് സേഫ്റ്റി ടണലുകളിലൂടെ രക്ഷപ്പെടാം. കൂടാതെ സിഗ്നലുകൾ, ട്രാക്കിന്റെ നിലവാരം, വൈദ്യുത സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനശേഷി നിരീക്ഷിക്കുകയും അപാകത കണ്ടാൽ അധികൃതരെ അറിയിക്കുകയും ചെയ്യും.