ഗൗരി വധം: കുറ്റവാളിയുടെ ഡയറിയിൽ പുരോഗമന വാദികളുടെ പട്ടിക

ഗൗരി ലങ്കേഷ്

ബെംഗളൂരു ∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള നാലുപേരിൽ ഒരാളുടെ ഡയറിയിൽ കർണാടകയിലെ ഏഴു പുരോഗമനവാദികളുടെ പേരുകൾ. മഹാരാഷ്ട്ര സ്വദേശി അമോൽ കാലെയുടെ പുണെയിലെ വസതിയിൽ നിന്നു കണ്ടെടുത്ത ഡയറിയിലാണു ഗൗരിയുടെ സമാന ചിന്താഗതിയുള്ളവരുടെ വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ.

ഗൗരി വധത്തെ തുടർന്നു പൊലീസ് സംരക്ഷണമേർപ്പെടുത്തിയവരുടെ പേരുകളാണിത്. 22 മൊബൈൽ ഫോണും 74 സിം കാർഡും കാലെയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തു. നാർക്കോ പരിശോധനയ്ക്കു വിധേയമാക്കിയേക്കുമെന്നും സൂചനയുണ്ട്. ഇയാൾക്കു പുറമേ, കർണാടക സ്വദേശികളായ മനോഹർ ഇവ്‍ഡെ, സുജിത് കുമാർ, മഹാരാഷ്ട്രാ സ്വദേശി അമിത് ദേഗ്വോക്കർ എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു വരുന്നത്.