Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശിൽ പ്രതിപക്ഷ മഹാസഖ്യം ലക്ഷ്യമിട്ട് ശരദ് യാദവ് പക്ഷം

Sharad Yadav

ഭോപാൽ ∙ ഈ വർഷം അവസാനം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികൾ ചേർന്നുള്ള മഹാസഖ്യമുണ്ടാക്കാൻ ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജെഡിയു വിമതവിഭാഗം ശ്രമം തുടങ്ങി. ഭരണത്തിൽനിന്നു 15 വർഷമായി പുറത്തുനിൽക്കുന്ന കോൺഗ്രസ് ബിജെപി ഇതര കക്ഷികളുമായി സഖ്യത്തിനു സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കു 44.48% വോട്ടും കോൺഗ്രസിനു 36.38% വോട്ടുമാണു ലഭിച്ചത്.

ബിഎസ്പി, എസ്പി, ഗോണ്ട‌്‌വാന ഗണതന്ത്ര പാർട്ടി എന്നിവയ്ക്കെല്ലാം കൂടി 8.54% വോട്ടും ലഭിച്ചിരുന്നു. ഗോത്രവർഗ പാർട്ടികളായ ഭാരതീയ ഗോണ്ട‌്‌വാന പാർട്ടിയും അതു പിളർന്നു രൂപംകൊണ്ട ഗോണ്ട‌്‌വാന ഗണതന്ത്ര പാർട്ടിയും യോജിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയിൽ 18% വരുന്ന ഗോത്രവർഗക്കാരുടെ പിന്തുണ നഷ്ടപ്പെട്ടതാണു കോൺഗ്രസിന്റെ തോൽവിക്കിടയാക്കിയ ഒരു കാരണം. ദലിത് പാർട്ടികളായ ബഹുജൻ സമാജ്‌വാദി പാർട്ടിയും അതിൽനിന്നു ഭിന്നിച്ചുപോയ ബഹുജൻ സംഘർഷ് ദളും തമ്മിൽ യോജിപ്പിനുള്ള വഴിയും തേടുന്നുണ്ട്. ജനസംഖ്യയിൽ 15% ദലിതരാണ്. ഇവരെയെല്ലാം പ്രതിപക്ഷ സഖ്യത്തിൽ ചേർക്കാനാണു ശ്രമം തുടങ്ങിയിട്ടുള്ളത്.‍