Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖംതിരിച്ച് സർക്കാർ, നിലപാട് കടുപ്പിച്ച് കർഷകർ; 10ന് ഭാരത് ബന്ദ്

farmers protest

ന്യൂഡൽഹി∙ കർഷകസമരം ആറാം ദിവസത്തിലേക്കു കടന്നിട്ടും പ്രശ്ന പരിഹാരത്തിനു ശ്രമിക്കാതെ കേന്ദ്ര സർക്കാർ. പത്തിനു പ്രഖ്യാപിച്ചിരിക്കുന്ന കർഷക ഹർത്താലിനു ശേഷം, വിളവെടുപ്പ് അടക്കം നിർത്തിവയ്ക്കുമെന്നറിയിച്ചു നിലപാടു കടുപ്പിക്കുകയാണ് സമരത്തിനു നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ കിസാൻ മഹാസംഘ്.

കേരളത്തിൽ, രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മഹാസംഘ് നേതാക്കൾ അറിയിച്ചു. പത്തിനു പ്രഖ്യാപിച്ച ഭാരത് ബന്ദിനു കേരളത്തിലെ വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്.

ഉൽപാദന ചെലവിന്റെ 50% വർധനയോടെ താങ്ങുവില നിർദേശിക്കുന്ന എം.എസ്.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചാൽ തന്നെ സമരത്തിൽനിന്നു പിന്മാറാൻ തയാറാണ്. കടക്കെണിയിൽനിന്നു രക്ഷിക്കാനുള്ള നടപടിയടക്കം ആവശ്യപ്പെട്ടാണ് സമരം. സമരം ഹൈജാക്ക് ചെയ്യാൻ ഒരു രാഷ്ട്രീയകക്ഷിയെയും അനുവദിക്കില്ല. അതേസമയം, ആർക്കും പിന്തുണയ്ക്കാം. ഇത് അതിജീവനത്തിന്റെ സമരമാണെന്നും നേതാക്കൾ പറഞ്ഞു.

മഹാസംഘിന്റെ നേതൃത്വത്തിൽ ഇന്നു രാജ്യവ്യാപകമായി രക്തസാക്ഷിത്വ ദിനം ആചരിക്കും. മധ്യപ്രദേശിലെ മൻസോറിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ഇത്. പാൽ വിപണിയിൽ എത്തിക്കാത്ത സാഹചര്യത്തിൽ നാളെ വിവിധ സർക്കാർ ആശുപത്രികളിൽ സൗജന്യമായി വിതരണം ചെയ്യും. പാൽ റോഡിൽ ഒഴുക്കിക്കളഞ്ഞുവെന്ന പ്രചാരണം സമരത്തെ അട്ടിമറിക്കാൻ നടന്ന ശ്രമമാണെന്നും വിഡിയോ തെളിവു സഹിതം പരാതി നൽകുമെന്നും മഹാസംഘ് നേതാവ് ശിവകുമാർ ശർമ(മധ്യപ്രദേശ്), സന്ത്‌വീർ സിങ്(രാജസ്ഥാൻ), പി.ടി.ജോൺ(കേരളം) എന്നിവർ അറിയിച്ചു.

എട്ടിന് അതതു സംസ്ഥാനങ്ങളിലെ ഗവർണർമാർ വഴി രാഷ്ട്രപതിക്കു പരാതി നൽകും. സമരത്തിലെ ആവശ്യങ്ങൾ ഓർമപ്പെടുത്തി, ഭാവി സമര പരിപാടികൾ അറിയിക്കുകയാണ് ലക്ഷ്യം. ഒൻപതിനു നിരാഹാര സമരവും 10ന് ഭാരത് ബന്ദും നടത്തും. അന്ന് രണ്ടു മണിവരെ വ്യാപാരികൾ കടകൾ അടച്ചിടണമെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ മഹാസംഘ് പ്രസിഡന്റ് ശിവകുമാർ ശർമ അഭ്യർഥിച്ചു.

നഗരങ്ങളിൽ കേന്ദ്രീകരിക്കാതെ ഗ്രാമങ്ങളിൽ ഗാവ് ബന്ദ് നടത്താനാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. പ്രശ്നപരിഹാര ചർച്ചയ്ക്കു കേന്ദ്രം മുൻകൈയെടുത്തില്ലെങ്കിൽ നിരന്തര പോരാട്ടമാണ് മുന്നിലുള്ള വഴി. ഭക്ഷ്യസാധനങ്ങളുടെ വരവു കുറഞ്ഞതു കമ്പോളങ്ങളെ ബാധിച്ചുകഴിഞ്ഞു. വില ഉയർന്നിട്ടും പുറംതിരിഞ്ഞുനിൽക്കുകയും സമരക്കാരെ പരിഹസിക്കുകയും ചെയ്യുന്ന നയമാണ് സർക്കാരിന്റേതെന്നും സമര സമിതി നേതാക്കൾ വ്യക്തമാക്കി.

ഇതേസമയം, സമരം നേരിടാൻ പാക്കിസ്ഥാനിൽനിന്നു പഞ്ചസാരയും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു പരിപ്പും ഉൾപ്പെടെ വിവിധ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ കിസാൻ സഭ പ്രക്ഷോഭം തുടങ്ങി.

പഞ്ചസാരയും പരിപ്പും സംഭരിച്ച് ജില്ലാ, തഹസിൽദാർ കാര്യാലയങ്ങളിലെത്തിച്ച് അവ മുഖ്യമന്ത്രിക്കു കൈമാറാനായി കലക്ടർമാരെയും തഹസിൽദാർമാരെയും ഏൽപിക്കുന്ന സമരമുറയ്ക്ക് ഇന്നലെ കിസാൻ സഭ ഉൾപ്പെടെ 12 സംഘടനകൾ തുടക്കമിട്ടു. നാലു ദിവസം കൂടി ഇതേ സമരമുറ തുടരുമെന്നും സർക്കാർ ഇടപെട്ടില്ലെങ്കിൽ 10ന് മഹാരാഷ്ട്രയിൽ ദേശീയ, സംസ്ഥാന പാതകൾ ഉപരോധിക്കുമെന്നും കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ പറഞ്ഞു.

സമരം തുടരുന്നത് നഗരമേഖലകളിൽ പാൽ, പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വരവു കുറയാൻ കാരണമായിട്ടുണ്ട്. ചില്ലറ വിപണിയിൽ വില ഉയർന്നുതന്നെ തുടരുകയാണ്.