ഗൗരി ലങ്കേഷ് വധം: ശ്രീരാമസേന അംഗം അറസ്റ്റിൽ

ഗൗരി ലങ്കേഷ്, അറസ്റ്റിലായ പരശുറാം.

ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ വെടിയുതിർത്തെന്നു സംശയിക്കുന്ന പരശുറാം വാഗ്മറി (26)നെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിലെ കൊലയാളിയുടെ ശരീരഭാഷയുമായി സാമ്യമുണ്ടെങ്കിലും ഇയാളാണു വെടിവച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല.

പരശുറാം ശ്രീരാമസേന അംഗമാണ്. 2012 ജനുവരി ഒന്നിനു തഹസിൽദാർ ഓഫിസിനു മുന്നിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴി അനുസരിച്ചാണു പരശുറാമിന്റെ അറസ്റ്റെന്നും എസ്ഐടി വ്യക്തമാക്കി.

എന്നാൽ ഇയാൾക്കു തങ്ങളുമായി ബന്ധമൊന്നുമില്ലെന്നു ശ്രീരാമസേനാ അധ്യക്ഷൻ പ്രമോദ് മുത്തലിക് പറഞ്ഞു. പരശുറാം നിരപരാധിയാണെന്നും ഗൗരിവധവുമായി ബന്ധമില്ലെന്നുമുള്ള വാദവുമായി ഹിന്ദു ജനജാഗൃതി സമിതി വക്താവ് മോഹൻ ഗൗഡയും രംഗത്തെത്തി. സമിതിയെ കരിവാരിത്തേക്കാൻ എസ്ഐടി ശ്രമിക്കുകയാണെന്നും മുത്തലിക്കും ഗൗഡയും ആരോപിച്ചു. എന്നാൽ, ഗൗഡയാണു തന്നെ മുഖ്യപ്രതി പ്രവീണുമായി പരിചയപ്പെടുത്തിയതെന്നാണു മറ്റൊരു പ്രതി നവീൻ കുമാറിന്റെ മൊഴിയെന്നു പൊലീസ് അറിയിച്ചു.

കർണാടകയിലെ വിജയപുര സിന്ദഗിയിൽ നിന്നാണു പരശുറാമിന്റെ അറസ്റ്റ്. പ്രവീണിനും പരശുറാമിനും ഹിന്ദു യുവസേന സ്ഥാപകൻ കെ.ടി നവീൻ കുമാറിനും പുറമേ, അമോൽ കാലെ, അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിങ്ങനെ ആറു പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുള്ളത്.