ഗൗരിയെ വെടിവച്ചത് ശ്രീരാമസേനാ അംഗം തന്നെയെന്ന് വിവരം

ബെംഗളൂരു ∙ മാധ്യമപ്രവർത്തക ഗൗരിലങ്കേഷിനെ വെടിവച്ചു വീഴ്ത്തിയതു താനാണെന്നു ശ്രീരാമസേന അംഗം പരശുറാം വാഗ്മർ (26) കുറ്റസമ്മതം നടത്തിയതായി വിവരം.

വെടിയുതിർത്ത ശേഷം തോക്ക് കൈമാറിയത് ആർക്കാണെന്ന് ഓർമകിട്ടുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) ത്തോടു പറഞ്ഞെന്നാണു സൂചന. കഴിഞ്ഞ ദിവസം വിജയപുരയിലെ സിന്ദഗിയിൽ നിന്നു പിടിയിലായ ഇയാളും കേസിൽ നേരത്തെ അറസ്റ്റിലായവരും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാകുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്. 

കേസിലെ മുഖ്യപ്രതികളിലൊരാളായ പ്രവീണിന്റെ നേതൃത്വത്തില്‍ പരശുറാമിനു നാടന്‍ തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതിന്റെ തെളിവുകൾ എസ്ഐടിക്കു ലഭിച്ചു. 

പുരോഗമന സാഹിത്യകാരൻ കെ.എസ്.ഭഗവാനെ വധിക്കാൻ പദ്ധതിയിട്ട കേസിൽ പിടിയിലായ പ്രവീൺ, അമോൽ കാലെ, അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിവർക്കു ഗൗരിവധത്തിലും പങ്കുണ്ടെന്നു തെളിയുകയായിരുന്നു. 

ഗൗരിയുടെ വീടിനടുത്തേക്കു തന്നെ കൊണ്ടുപോയതു പ്രവീണാണെന്നു മറ്റൊരു പ്രതിയും ഹിന്ദു യുവസേനാ സ്ഥാപകനുമായ കെ.ടി.നവീൻകുമാറും മൊഴി നൽകി.