Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരന്‍ പക്ഷ എംഎല്‍എമാരുടെ അയോഗ്യത: കേസ് വിശാല ബെഞ്ചിന്

TTV Dinakaran and Edappadi Palanisamy

ചെന്നൈ ∙ ടി.ടി.വി.ദിനകരനെ പിന്തുണച്ച 18 എംഎൽഎമാരെ അയോഗ്യരാക്കിയ തമിഴ്നാട് സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തു നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് എം.സുന്ദർ എന്നിവർ വ്യത്യസ്ത വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണു തീരുമാനം.

എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഇന്ദിരാ ബാനർജി ശരിവച്ചപ്പോൾ, എം.സുന്ദർ സ്പീക്കറുടെ തീരുമാനം തള്ളി. വിധിയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടതോടെ മൂന്നാമതൊരു ജഡ്ജികൂടി കേസ് കേട്ടശേഷം ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തീർപ്പുകൽപിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. മൂന്നാമത്തെ ജഡ്ജി ആരെന്ന് ഉടൻ തീരുമാനിക്കുമെന്നു വ്യക്തമാക്കിയ കോടതി കേസിൽ അന്തിമവിധി വരുന്നതുവരെ തൽസ്ഥിതി തുടരാനും നിർദേശിച്ചു. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറെ നിർണായകമായ വിധിക്കായുള്ള കാത്തിരിപ്പു നീളുമെന്ന് ഉറപ്പായി.

കേസ് തീർപ്പാകാതെ നീണ്ടത് എടപ്പാടി പളനിസാമി സർക്കാരിന് ആശ്വാസമായി. വീണ്ടും വാദം കേൾക്കേണ്ടി വരുമെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ നിലനിൽപിനു ഭീഷണിയില്ല. അന്തിമ തീർപ്പ് ഉണ്ടാകുന്നതുവരെ എംഎൽഎമാർ അയോഗ്യരായി തുടരുമെന്നും, അവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു പാടില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. 2017 സെപ്റ്റംബർ പതിനെട്ടിനാണു മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിൻവലിച്ച 18 ദിനകരൻ പക്ഷ എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് സ്പീക്കർ പി.ധനപാൽ അയോഗ്യരാക്കിയത്.