Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സൗമനസ്യം ഫലമുണ്ടാക്കിയില്ല’; കശ്മീരിൽ വെടിനിർത്തൽ പിൻവലിച്ചു, തിരിച്ചടിക്കാൻ സേനയ്ക്ക് ഉത്തരവ്

Kashmir encounter

ന്യൂഡൽഹി∙ റമസാൻ മാസത്തിൽ ജമ്മു കശ്മീരിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കേന്ദ്രസർക്കാർ പിൻവലിച്ചു. ഭീകരരെ അടിച്ചമർത്തുന്നതിനു സാധ്യമായ സായുധ നടപടികൾ സ്വീകരിക്കാൻ സുരക്ഷാ സേനയ്ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. മുസ്‌ലിംകൾക്കു സമാധാനപരമായി റമസാൻ വ്രതം അനുഷ്ഠിക്കാൻ സാഹചര്യമൊരുക്കുന്നതിനു കഴിഞ്ഞ 16ന് ആണ് സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

സൈന്യം നടപടികൾ നിർത്തിയെങ്കിലും ഭീകരർ സേനയ്ക്കും ജനങ്ങൾക്കുമെതിരെ വ്യാപക ആക്രമണങ്ങൾ അഴിച്ചുവിട്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തു ക്രമസമാധാനനില വഷളായ സാഹചര്യത്തിൽ വെടിനിർത്തൽ തുടരുന്നതു തിരിച്ചടിയാകുമെന്ന സുരക്ഷാ ഏജൻസികളുടെ അഭിപ്രായം കണക്കിലെടുത്താണു നടപടി. അമർനാഥ് തീർഥയാത്ര ഈ മാസം അവസാനം തുടങ്ങാനിരിക്കെ, ഭീകരർക്കെതിരെ കർശന നടപടിയും ജാഗ്രതയും ആവശ്യമാണെന്നും സേന വ്യക്തമാക്കി.

റമസാൻ മാസത്തിൽ സമാധാനം പുലരാൻ ലക്ഷ്യമിട്ടുള്ള സർക്കാർ നടപടിയോടു ഭീകരർ സഹകരിച്ചില്ലെന്നും വെടിനിർത്തൽ തുടരുന്നതിൽ അർഥമില്ലെന്നും സേന ചൂണ്ടിക്കാട്ടി. ശ്രീനഗറിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയെ പട്ടാപ്പകൽ അക്രമി സംഘം വെടിവച്ചു കൊലപ്പെടുത്തിയതും തീരുമാനം പിൻവലിക്കാൻ സർക്കാരിനെപ്രേരിപ്പിച്ചു.

ഇനിയെന്ത്?

വരുംദിവസങ്ങളിൽ ഭീകരർക്കെതിരെ ശക്തമായ നീക്കങ്ങൾക്ക് ഇതോടെ വഴിയൊരുങ്ങി. ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഓപ്പറേഷനുകൾക്കും സൈന്യം മുന്നിട്ടിറങ്ങും. താഴ്‌വരയിൽ സൈന്യത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും വർധിച്ചേക്കും.

കശ്മീർ ഇതുവരെ

കശ്മീർ താഴ്‍വരയിൽ ഈ വർഷം ഇതുവരെ 55 ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡർ സദ്ദാം പദ്ദറും ഇതിലുൾപ്പെടുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ ഭീകരരും സേനയും തമ്മിൽ 80 തവണ ഏറ്റുമുട്ടി.

∙ രവിദീപ് സാഹി (സിആർപിഎഫ്, ഐജി, കശ്മീർ): ഭീകരവാദം, അക്രമം എന്നിവയിൽനിന്നു മുക്തമായ അന്തരീക്ഷം ജമ്മു കശ്മീരിൽ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾ ഭീകരരെ ഒറ്റപ്പെടുത്താൻ രംഗത്തുവരണം.

∙ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്: ഞങ്ങൾക്കു നൽകുന്ന ഉത്തരവുകൾ പൂർണമായി പാലിക്കും. സേനകൾ തികഞ്ഞ ജാഗ്രതയിലാണ്. അമർനാഥ് തീർഥയാത്ര സമാനാധാനപരമാണെന്ന് ഉറപ്പാക്കും.