കശ്മീരിലെ ദുസ്ഥിതിക്ക് മോദി സർക്കാരിനെ വിമർശിച്ച കോൺഗ്രസ്

ഗുലാം നബി ആസാദ്

ന്യൂഡൽഹി∙ പിഡിപിയുമായുള്ള അവസരവാദ കൂട്ടുകെട്ടിലൂടെ ജമ്മു കശ്മീരിനെ അനിശ്ചിതത്വത്തിലേക്കു തള്ളിയിട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നു കോൺഗ്രസ്. സംസ്ഥാനത്തു സമാധാനാന്തരീക്ഷം നിലനിർത്തുമെന്ന അവകാശവാദത്തോടെ അധികാരത്തിൽ ഇടംപിടിച്ച ബിജെപി ജനങ്ങളെ പിന്നിൽ നിന്നു കുത്തിയതായി മുതിർന്ന കോൺഗ്രസ് നേതാക്കളായ അംബിക സോണി, ഗുലാം നബി ആസാദ് എന്നിവർ ആരോപിച്ചു.

ലക്ഷ്യബോധമില്ലാത്ത നയങ്ങളാണു മോദിയുടേത്. സംസ്ഥാനത്തു സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ എന്തു ചെയ്യുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം കശ്മീരിൽ 379 സൈനികർ വീരമൃത്യു വരിച്ചു. അതിർത്തിയിൽ പാക്കിസ്ഥാൻ മൂവായിരത്തിലധികം തവണ വെടിനിർത്തൽ ലംഘിച്ചു. രാജ്യത്തെ അതിർത്തി സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനു കെൽപില്ല. സംസ്ഥാനത്തെ യുവാക്കൾ ഭീകരവാദ സംഘങ്ങളിൽ ചേരുന്നതു തടയാനും സർക്കാരിനു സാധിക്കുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.