ഗൗരി വധം: സൗകര്യം ഒരുക്കി സനാതൻ സൻസ്ത

ഗൗരി ലങ്കേഷിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഇന്ത്യാ ഗേറ്റിനു മുന്നിൽ നടത്തിയ സമരത്തിൽനിന്ന്.

ബെംഗളൂരു ∙ ഗൗരിലങ്കേഷിന്റെ ഘാതകർക്കു സനാതൻ സൻസ്ത, സഹോദര സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി എന്നിവയുമായി ബന്ധമുണ്ടെന്നതിനു കൂടുതൽ തെളിവുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഗൗരിയെ വെടിവച്ച പരശുറാം വാഗ്മറെ ഒളിച്ചുതാമസിപ്പിച്ചതു സനാതൻ സൻസ്ത പ്രവർത്തകൻ വാടകയ്ക്കെടുത്ത വീട്ടിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നു സംശയിക്കുന്ന ഹിന്ദു ജാഗരൺ സമിതി മുൻ കൺവീനർ അമോൽ കാലെയാണു പരശുറാമിന് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ കെ.ടി.നവീൻകുമാർ, പ്രവീൺ, അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിവരും ഇതേ വീട്ടിൽ താമസിച്ചിട്ടുണ്ട്. ഗൗരിയുടെ വീടും പരിസരവും നിരീക്ഷിച്ചതും കൊലപ്പെടുത്താനുള്ള വഴികൾ ആസൂത്രണം ചെയ്തതുമൊക്കെ ഇവിടെ താമസിച്ചുകൊണ്ടായിരുന്നുവെന്ന് എസ്ഐടി കണ്ടെത്തി.