ഖർഗെയ്ക്ക് മഹാരാഷ്ട്ര ചുമതല; വി.ഡി.സതീശൻ ഒഡീഷ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ

ന്യൂഡൽഹി∙ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. മോഹൻ പ്രകാശിന്റെ പിൻഗാമിയായാണു ഖർഗെ മഹാരാഷ്ട്രയുടെ ചുമതലയേൽക്കുന്നത്. സംഘടനാ തലത്തിൽ രാഹുൽ നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ഉമ്മൻ ചാണ്ടിക്കു പിന്നാലെ ജനറൽ സെക്രട്ടറി പദവിയിലേക്കുള്ള ഖർഗെയുടെ വരവ്.

സോനൽ പട്ടേൽ, ആശിഷ് ദുവ, സമ്പത്ത് കുമാർ എന്നിവർ സംസ്ഥാന ചുമതലയുള്ള സെക്രട്ടറിമാരാകും. ഒഡിഷയിൽ പാർട്ടയുടെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി വി.ഡി.സതീശനെ നിയമിച്ചു. ജിതിൻ പ്രസാദ, നൗഷാദ് സോളങ്കി എന്നിവരാണു സമിതി അംഗങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒഡിഷയിൽ പാർട്ടിയുടെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന്റെ ചുമതലയാണു സമിതി വഹിക്കുക. തമിഴ്നാട്ടിൽ സംഘടനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പദവിയും മുൻപ് സതീശൻ വഹിച്ചിട്ടുണ്ട്.

കുമാരി ഷെൽജ (രാജസ്ഥാൻ), മധുസൂദൻ മിസ്ത്രി (മധ്യ പ്രദേശ്), ഭുവനേശ്വർ കലിത (ഛത്തീസ്ഗഡ്), ലുസീനോ ഫലേറിയ (മിസോറം) എന്നിവരെയും വിവിധ സംസ്ഥാനങ്ങളിലെ സ്ക്രീനിങ് സമിതി അധ്യക്ഷരായി നിയമിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ക്രിസ്റ്റഫർ തിലക്, സി.ഡി.മെയ്യപ്പൻ എന്നിവർ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരാകും. സംസ്ഥാന ചുമതലുള്ള ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിക്കു കീഴിൽ ഇവർ പ്രവർത്തിക്കും. സംഘടനാ ചുമതലയുള്ള സെക്രട്ടറിമാരായി ജെ.ഡി.സീലം, മഹേന്ദ്ര ജോഷി, ശശികാന്ത് ശർമ എന്നിവരെ നിയമിച്ചു.