Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗസ്റ്റ വെസ്റ്റ്ലാൻഡ്: ഇടനിലക്കാരൻ ജെറോസയെ വിട്ടുതരില്ലെന്ന് ഇറ്റലി

Indian-chopper

ന്യൂഡൽഹി ∙ വിവിഐപി ഹെലിക്കോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ കാർലോ വലന്റീനോ ജെറോസയെ ഇന്ത്യയ്ക്കു കൈമാറാൻ ഇറ്റലി വിസമ്മതിച്ചു. യുപിഎ സർക്കാരിന്റെ കാലത്തു നടന്ന ഇടപാടിൽ 3,727 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. സിബിഐയുടെ ആവശ്യപ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടിസിനെ തുടർന്ന് ഇറ്റലി കഴിഞ്ഞ ഒക്ടോബറിൽ ജെറോസയെ അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ജെറോസയെ വിട്ടുതരണമെന്നു സിബിഐ നവംബറിൽ ആവശ്യപ്പെട്ടു. ഹെലിക്കോപ്റ്റർ ഇടപാടിൽ ജെറോസയ്ക്കുള്ള പങ്കു സംബന്ധിച്ച് കുറ്റപത്രത്തിലെ വിവരങ്ങളും മറ്റും കൈമാറുകയും ചെയ്തു. എന്നാൽ, സ്വിസ് പാസ്പോർട്ടുള്ള ജെറോസയെ കൈമാറാനാവില്ലെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു.

വിവിഐപികൾക്കായി ആംഗ്ലോ – ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിൽനിന്നു 12 അത്യാധുനിക ഹെലിക്കോപ്റ്ററുകൾ 3,727 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാടിലെ അഴിമതി സർക്കാരിനു 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. തുക പെരുപ്പിച്ചു കാണിക്കാൻ രാഷ്ട്രീയക്കാർക്കും വ്യോമസേനാ മുൻ തലവൻ എസ്.പി.ത്യാഗി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്കും 452 കോടിയോളം രൂപ കൈക്കൂലി നൽകാൻ മുഖ്യ ഇടനിലക്കാരനായി പ്രവർത്തിച്ചത് ജെറോസയാണെന്നാണു സിബിഐയുടെ കണ്ടെത്തൽ. ജെറോസയെ കൈമാറണമെന്ന ആവശ്യം ഒരിക്കൽക്കൂടി ഉന്നയിക്കുമെന്നു സിബിഐ അധികൃതർ അറിയിച്ചു.