Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭഗവാനേ, നിങ്ങൾ ഈ പിള്ളേരുടെ ചങ്കാണല്ലോ...

Chennai-School-Teacher ഭഗവാൻ മാഷിനെ വിടാതെ പിടിച്ചിരിക്കുന്ന വിദ്യാർഥികൾ‌

ചെന്നൈ∙ വിടില്ല, വിടില്ല എന്ന് ഉറക്കെക്കരഞ്ഞുകൊണ്ടു കുട്ടികൾ ആ അധ്യാപകനെ വട്ടംപിടിച്ചു. സ്കൂളിന്റെ ഗേറ്റ് അടച്ച് അതിനു മുന്നിൽ സ്നേഹമതിൽ തീർത്തു. പിടിച്ചുനിൽക്കാനാകാതെ മാഷും പൊട്ടിക്കരഞ്ഞു. ഒടുവിൽ, തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവെത്തി; വെളിഗരം സർക്കാർ ഹൈസ്കൂളിലെ ഇംഗ്ലിഷ് അധ്യാപകൻ ജി. ഭഗവാന്റെ സ്ഥലമാറ്റം താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നു. അതിനുവേണ്ടിത്തന്നെയായിരുന്നല്ലോ കുട്ടികളുടെയും രക്ഷിതാക്കളുടെയും ‘സമരം’! പ്രതിഷേധം വിജയിച്ചതോടെ അവർ ആർത്തുവിളിച്ചു, ഭഗവാൻ മാഷ് ഞങ്ങളുടെ ചങ്കാണ്, ചങ്കിടിപ്പാണ് എന്നു പറയുംപോലെ.

തിരുവള്ളൂർ ജില്ലയിലെ സ്കൂളിൽ നാലുവർഷം മുൻപ് എത്തിയ ജി. ഭഗവാൻ (28) കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സ് കീഴടക്കിയതു സ്നേഹപാഠങ്ങളിലൂടെ. കഥപറഞ്ഞും വീട്ടുവിശേഷങ്ങൾ ചോദിച്ചും കളിക്കൂട്ടുകാരനായും കുട്ടികളുടെ ഒപ്പം നടന്ന അദ്ദേഹം, പുസ്തകങ്ങൾക്കപ്പുറത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി. ആറു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലിഷിനെ വരുതിയിലാക്കാനുള്ള സൂത്രവിദ്യകളും പഠിപ്പിച്ചു.

സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ കുട്ടികളെ സ്കൂൾ മാറ്റുമെന്ന മുന്നറിയിപ്പുമായി രക്ഷിതാക്കളും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. യാത്രപറയാനെത്തിയ ഭഗവാനെ സ്കൂളിൽനിന്നു വിടാതെ അവർ സ്നേഹത്തടവിലാക്കിയതോടെയാണു വിദ്യാഭ്യാസ വകുപ്പ് 10 ദിവസത്തേക്ക് ഉത്തരവ് റദ്ദാക്കിയത്. പത്തല്ല, എത്ര ദിവസം കഴിഞ്ഞാലും ഭഗവാൻമാഷിനെ വിടില്ലെന്നാണു കുട്ടികൾ പറയുന്നത്.