Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക സഖ്യസർക്കാരിനെ വെട്ടിലാക്കി സിദ്ധരാമയ്യ; മുന്നറിയിപ്പുമായി കോൺഗ്രസ്

K Siddaramaiah

ബെംഗളൂരു∙ സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കും വിധം പരാമർശങ്ങൾ നടത്തിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുന്നറിയിപ്പുമായി  പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വര.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ എഐസിസി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ  ഇടപെടും. പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയാൽ സിദ്ധരാമയ്യ ഉൾപ്പെടെ ഏതുനേതാവായാലും നടപടി നേരിടേണ്ടിവരുമെന്നും പരമേശ്വര പറഞ്ഞു. സഖ്യസർക്കാരിന്റെ കോ–ഓർഡിനേഷൻ കമ്മിറ്റി ചെയർമാനും കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവുമാണ് സിദ്ധരാമയ്യ. അദ്ദേഹത്തിന്റെ വാക്കുകൾക്കു വലിയ മൂല്യമുണ്ട്; ഉത്തരവാദപ്പെട്ട നേതാവെന്ന നിലയിൽ അനാവശ്യ പ്രസ്താവനകളിൽ നിന്നൊഴിഞ്ഞു നിൽക്കണം.സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്നു പാർട്ടിയിലെ മറ്റു നേതാക്കൾക്കും പരമേശ്വര മുന്നറിയിപ്പു നൽകി.

ജെഡിഎസിന് പിന്തുണ 5 വർഷത്തേക്ക്: പരമേശ്വര

‍സിദ്ധരാമയ്യയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുകയോ  കുമാരസ്വാമി നയിക്കുന്ന സഖ്യസർക്കാരിനെതിരെ പരസ്യ പ്രസ്താവനകൾ നടത്തുകയോ ചെയ്യരുത്. സഖ്യകക്ഷികൾ തമ്മിൽ അഭിപ്രായ ഭിന്നതയില്ല.ജനതാദൾ എസിനു കോൺഗ്രസ് നൽകിയ നിരുപാധിക പിന്തുണ അഞ്ചു വർഷവും തുടരും. എന്തെങ്കിലും ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിൽ ജൂലൈ ഒന്നിനു ചേരുന്ന കോൺഗ്രസ്–ജെഡിഎസ് കോ ഓർഡിനേഷൻ കമ്മിറ്റി ചർച്ച ചെയ്തു പരിഹരിക്കും. ചെറിയ മുറുമുറുപ്പുകൾ പോലും പെരുപ്പിച്ചുകാട്ടി നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരം സാഹചര്യം മുതലെടുക്കാനുള്ള നീക്കം വിലപ്പോവില്ല. ജൂലൈ അഞ്ചിനു സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമെന്നും പരമേശ്വര പറഞ്ഞു

കുമാരസ്വാമി സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയും ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സഖ്യ സർക്കാരിന്റെ നിലനിൽപിൽ സംശയം പ്രകടിപ്പിച്ചുമുള്ള സിദ്ധരാമയ്യയുടെ വിഡിയോ ആണ്, ഒരുമാസം മാത്രമായ സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.വിവാദം മുറുകിയതോടെ കുമാരസ്വാമിയെ പിന്തുണച്ച് വൊക്കലിഗ സമുദായ നേതാക്കൾ രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് മന്ത്രിമാർ യോഗം ചേർന്നു

പരമേശ്വരയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിമാർ ഇന്നലെ യോഗം ചേർന്നെങ്കിലും വിവാദങ്ങൾ ചർച്ചയായില്ലെന്നു മന്ത്രിമാരിലൊരാൾ വെളിപ്പെടുത്തി. ഇതിനിടെ, 10 ദിവസത്തെ പ്രകൃതി ചികിൽസയ്ക്കു ശേഷം സിദ്ധരാമയ്യ ബെൽത്തങ്ങാടിയിലെ ശാന്തിവനത്തിൽ നിന്നു മടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് മന്ത്രിമാരുടെ യോഗം വിളിച്ചതെന്നു പരമേശ്വര പറഞ്ഞു.മന്ത്രിമാർക്കു ജില്ലകളുടെ ചുമതലകൾ ഉടൻ പങ്കിട്ടു നൽകണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ താഴെത്തട്ടിൽ നിന്നു ശക്തിപ്പെടുത്താൻ ഇതു സഹായിക്കുമെന്നും അഭിപ്രായമുയർന്നു.

മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ തന്നെ ജില്ലകളുടെ ചുമതലകൾ ആർക്കൊക്കെയെന്നു തീരുമാനിക്കും. മന്ത്രിസഭാ വികസനം എപ്പോൾ വേണമെന്നതു മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്.എപ്പോഴായാലും ഒഴിവുള്ള സീറ്റുകളിലേക്കു മന്ത്രിമാരെ നിശ്ചയിക്കാൻ കോൺഗ്രസ് തയാറാണെന്നും പരമേശ്വര പറഞ്ഞു. കോൺഗ്രസിന്റെ ആറും ജെഡിഎസിന്റെ ഒന്നും മന്ത്രിസ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്.

related stories