ഗൗരിയുടെ ഘാതകർ ഉന്നമിട്ടത് 36 പേരെ കൊല്ലാൻ

ബെംഗളൂരു∙ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ വധിക്കാൻ പദ്ധതിയിട്ടിരുന്നതു 36 പുരോഗമനവാദികളെയെന്നു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). തീവ്രഹിന്ദുത്വ നിലപാടുകൾക്കെതിരെ പ്രതികരിച്ചിരുന്ന 10 കർണാടക സ്വദേശികളെയും മഹാരാഷ്ട്രയിലെ 26 പേരെയും ഉന്നമിട്ടതായി ഗൗരിവധക്കേസ് പ്രതി അമോൽ കാലെയുടെ ഡയറിയിൽ നിന്നാണു വിവരം ലഭിച്ചത്.

വർഗീയ ശക്തികളെ തടയണമെന്ന് ആഹ്വാനം ചെയ്തു ഗൗരി മംഗളൂരുവിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പും കാലെയുടെ ടാബിൽ നിന്നുലഭിച്ചു. ഗൗരിയെ കൊലപ്പെടുത്തിയ പരശുറാം വാഗ്മറെ ഈ പ്രസംഗങ്ങള്‍ തുടര്‍ച്ചയായി കേള്‍പ്പിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അവര്‍ എതിർത്തിരുന്നെന്നു ധരിപ്പിച്ചാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും എസ്ഐടി വ്യക്തമാക്കി. 

തീവ്രഹിന്ദു സംഘടനകളായ സനാതൻ സൻസ്ത, ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധപ്പെട്ട ആറു പേരെയാണ് ഇതുവരെ ഗൗരി കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. 

കോഡ് ഭാഷയിലാണു കാലെയുടെ ഡയറിയിലെ വിവരങ്ങൾ. ഇയാൾക്കു പുറമെ അറസ്റ്റിലായ പ്രവീൺ, അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിവർ ചേർന്നു പുരോഗമന വാദികളെ വധിക്കാനായി അറുപതോളം പേരെ റിക്രൂട്ട് ചെയ്തു. തോക്ക് ഉപയോഗിക്കുന്നതിനു പുറമെ, പെട്രോൾ ബോംബ് എറിഞ്ഞു സംഘർഷാന്തരീക്ഷം ഉണ്ടാക്കാനുള്ള പരിശീലനവും ഇവർക്കു നൽകിയിരുന്നതായി എസ്ഐടി കണ്ടെത്തി. റിക്രൂട്ട് ചെയ്തവരിലേറെയും തീവ്രഹിന്ദു സംഘടനകളുമായി ബന്ധപ്പെട്ടവരാണ്.