ഛത്തീസ്ഗഡ്: ബിഎസ്പി സഖ്യത്തിന് സാധ്യത തേടി കോൺഗ്രസ്

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ ബിഎസ്പിയുമായി സഖ്യസാധ്യത തള്ളിക്കളയാതെ കോൺഗ്രസ്. ബിഎസ്പി മേധാവി മായാവതിയും ജനതാ കോൺഗ്രസ് നേതാവ് അജിത് ജോഗിയും തിരഞ്ഞെടുപ്പു സഖ്യത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണു കോൺഗ്രസിന്റെ നീക്കം. ബിഎസ്പിയും കോൺഗ്രസും തമ്മിൽ ഇനിയും സഖ്യം സാധ്യമാണെന്നു പ്രതിപക്ഷ നേതാവ് ടി.എസ്.സിങ് ദേവ് പറഞ്ഞു.

മായാവതിയും ജോഗിയും തമ്മിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ദീർഘനാളായി പരിചയക്കാരായ ഇരുവരും തമ്മിൽ നടന്നതു സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നും അതിൽ രാഷ്ട്രീയം കലർത്തേണ്ടെന്നുമാണു കോൺഗ്രസിന്റെ വാദം. ബിഎസ്പിയുമായി സഖ്യത്തിനുള്ള സാധ്യതകൾ തേടുന്ന കോൺഗ്രസിനു ജോഗിയുടെ സാന്നിധ്യം തിരിച്ചടിയാകും. കോൺ‍ഗ്രസ് വിട്ടു 2016ൽ സ്വന്തം പാർട്ടി രൂപീകരിച്ച ജോഗിക്കു സംസ്ഥാനത്തുള്ള സ്വാധീനം തങ്ങളുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. ബിഎസ്പിക്കൊപ്പം ചേർന്നു മൽസരിക്കാൻ ജോഗി തീരുമാനിച്ചാൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ബിജെപി മുഖ്യമന്ത്രി രമൺ സിങ്ങിനെ വെല്ലുവിളിച്ചു രംഗത്തുവന്ന ജോഗി തിരഞ്ഞെടുപ്പിൽ കളംനിറഞ്ഞു കളിക്കാൻ താൻ പൂർണസജ്ജനാണെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു.

90 സീറ്റുള്ള സംസ്ഥാനത്ത് ഇതുവരെ 26 സ്ഥാനാർഥികളെ പ്രഖ്യാപിച്ച അദ്ദേഹം, രമൺ സിങ്ങിനെതിരെ മൽസരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപിയെ താഴെയിറക്കുമെന്ന പ്രഖ്യാപനത്തോടെ പ്രചാരണരംഗത്തു സജീവമായ ജോഗി, തങ്ങളുടെ വോട്ടുകളിലാണു കണ്ണുവയ്ക്കുന്നതെന്നു കോൺഗ്രസ് വിലയിരുത്തുന്നു. ജോഗിയുമായി ഒരുതരത്തിലുള്ള സഖ്യവും ആലോചനയിലില്ലെന്നു വ്യക്തമാക്കുന്ന കോൺഗ്രസ് പക്ഷേ, മായാവതിയുടെ കാര്യത്തിൽ പ്രതീക്ഷയിലാണ്. മായാവതിയെ ജോഗിയിൽനിന്ന് അകറ്റി തങ്ങളിലേക്ക് അടുപ്പിക്കുക പാർട്ടിക്ക് എളുപ്പമാവില്ല. സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കു കോൺഗ്രസിനെ ഇതു പ്രേരിപ്പിച്ചേക്കാം.