തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രവർത്തക സമിതി 22ന്

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു തന്ത്രങ്ങൾ മെനയാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം 22ന്. പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗത്തിൽ സമിതി അംഗങ്ങൾ, സ്ഥിരം, പ്രത്യേക ക്ഷണിതാക്കൾ എന്നിവർക്കു പുറമേ പിസിസി അധ്യക്ഷൻമാരും സംസ്ഥാന പാർലമെന്ററി പാർട്ടി നേതാക്കളും പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും.

ഓരോ സംസ്ഥാനത്തെയും സ്ഥിതി വിലയിരുത്താനാണു സംസ്ഥാന നേതാക്കളെയും ക്ഷണിച്ചിട്ടുള്ളത്. യോഗം ദിവസം മുഴുവൻ നീളും. വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ കൂട്ടുകെട്ടുകളെ സംബന്ധിച്ചു സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ നിലപാട് അറിയിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പമോ തൊട്ടുപിന്നാലെയോ ലോക്സഭാ പോരിനും കളമൊരുങ്ങിയേക്കുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. രാഹുൽ സാരഥ്യം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രവർത്തകസമിതി യോഗമാകും ഇത്.