ശക്തിപ്രകടനം ഇന്ന്; മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ലോക്സഭയിൽ ഇന്നു നടക്കുന്ന അവിശ്വാസ പ്രമേയ പോരാട്ടത്തിൽ ശക്തിപ്രകടനത്തിനൊരുങ്ങി ഭരണപക്ഷം; മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തിൽ ഐക്യത്തിന്റെ കൂട്ടായ്മ പരീക്ഷിക്കാൻ പ്രതിപക്ഷം. പരമാവധി വോട്ടുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അണിയറ നീക്കങ്ങൾ ഇരുപക്ഷത്തും സജീവം. ഇന്നു സഭയിൽ ഹാജരാകാൻ നിർദേശിച്ചു വിവിധ കക്ഷികൾ എംപിമാർക്കു വിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചർച്ചയിൽ പ്രസംഗിക്കും. ചർച്ചയ്ക്കു ശേഷം വോട്ടെടുപ്പ്. 

വിജയം ഉറപ്പിച്ച് ഭരണപക്ഷം

533 അംഗ സഭയിൽ അവിശ്വാസ പ്രമേയത്തെ മറികടക്കാൻ ഭരണകക്ഷിക്കു വേണ്ടത് 267 വോട്ട്. 273 അംഗങ്ങളുള്ള ബിജെപിക്കു വിജയം ഉറപ്പ്. എങ്കിലും പ്രതിപക്ഷത്തെ മാനസികമായി തകർക്കുംവിധം പ്രമേയത്തെ ദയനീയമായി പരാജയപ്പെടുത്താനുള്ള ഒരുക്കത്തിലാണു നരേന്ദ്ര മോദിയും കൂട്ടരും. പ്രതിപക്ഷ കൂട്ടായ്മയിൽ വിള്ളൽ വീഴ്ത്താനായാൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിൽ‍ ബിജെപിക്ക് ആത്മവിശ്വാസം പകരും. 

ബിജെപി ഉൾപ്പെട്ട എൻഡിഎ സഖ്യത്തിലുള്ളതു 313 അംഗങ്ങൾ. സഖ്യകക്ഷികളുടെ വോട്ടുറപ്പിക്കുന്നതിനൊപ്പം പുറമേ നിന്നുള്ളവരുടെ പിന്തുണ കൂടി നേടി വൻവിജയം നേടുകയാണു ബിജെപിയുടെ ലക്ഷ്യം. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ചു പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്നു ശിവസേന വ്യക്തമാക്കി. ഇന്നു സഭയിലുണ്ടാകണമെന്നു പാർട്ടി എംപിമാരോടു സേന നിർദേശിച്ചു. 

ഇരുപക്ഷത്തുമില്ലാത്ത ബിജെഡി, ടിആർഎസ് എന്നിവയുടെ പിന്തുണ ബിജെപി തേടിയിട്ടുണ്ട്. പിന്തുണ ലഭിച്ചില്ലെങ്കിൽ വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ അവർക്കുമേൽ സമ്മർദമുണ്ട്. ഇരുകക്ഷികളും വിട്ടുനിന്നാൽ സഭയുടെ അംഗബലം ഗണ്യമായി കുറയും. അതുവഴി വിജയം എളുപ്പമാകുമെന്നു ബിജെപി കണക്കുകൂട്ടുന്നു. അവിശ്വാസ പ്രമേയത്തെ അണ്ണാ ഡിഎംകെ പിന്തുണയ്ക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി വ്യക്തമാക്കി. തമിഴ്നാട് കാവേരി പ്രശ്നത്തിൽ നീതിക്കായി പോരാടിയപ്പോൾ തങ്ങളെ ആരും പിന്തുണച്ചില്ലെന്ന ന്യായം നിരത്തിയാണു പളനിസ്വാമി നിലപാട് അറിയിച്ചത്. ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ഏറ്റവുമധികം അംഗങ്ങളുള്ള (37) കക്ഷിയാണ് അണ്ണാ ഡിഎംകെ. 

ഐക്യമുറപ്പിക്കാൻ പ്രതിപക്ഷം

ഒന്നിച്ചു നിന്ന് വോട്ടെടുപ്പിൽ പരമാവധി 150 പേരുടെ പിന്തുണ സമാഹരിക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമം. കോൺഗ്രസിനു പുറമേ തൃണമൂൽ, ടിഡിപി, സിപിഎം എന്നിവയാണു പ്രതിപക്ഷ നിരയിലെ പ്രബല കക്ഷികൾ. പാർട്ടി നേതൃത്വവുമായി തെറ്റിയ ടിഡിപി എംപി ദിവാകർ റെഡ്ഡി സഭയിൽ ഇന്നു ഹാജരാകില്ല. 

അവിശ്വാസ ചരിത്രം

15 വർഷത്തിനു ശേഷമാണു ഭരണകക്ഷി അവിശ്വാസ പ്രമേയം നേരിടുന്നത്. 2003ൽ വാജ്പേയി സർക്കാരിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണു പ്രമേയം കൊണ്ടുവന്നത്. 312 വോട്ട് നേടി ഭരണപക്ഷം പ്രമേയം പരാജയപ്പെടുത്തി; പ്രതിപക്ഷത്തിനു ലഭിച്ചത് 186 വോട്ട്.

ഇന്ന് ലോക്സഭയിൽ ചോദ്യമില്ല; അവിശ്വാസം ഉത്തരം പറയും

ന്യൂഡൽഹി ∙ ഇന്ന് ലോക്സഭയിൽ ചോദ്യോത്തരവേള ഉണ്ടാവില്ല. രാവിലെ 11നു തന്നെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കും. ആന്ധ്രയിൽ നിന്നുള്ള ടിഡിപി എം പി കേസിനേനി ശ്രീനിവാസ് നൽകിയ പ്രമേയമാണ് ചർച്ചയ്ക്ക് എടുക്കുക.

∙ 'അവിശ്വാസ പ്രമേയം വിജയിപ്പിക്കാനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയിലുണ്ടോ എന്നതിലല്ല കാര്യം. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രമേയ ചർച്ചയിലൂടെ സാധിക്കും. സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ ഒറ്റക്കെട്ടായുള്ള സ്വരം സഭയിൽ മുഴങ്ങും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പോരാട്ടത്തിന്റെ തുടക്കമാവും അത്.' – ആനന്ദ് ശർമ (കോൺഗ്രസ് വക്താവ്). 

∙ 'പ്രതികൂല രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ തോൽപിക്കാനുള്ള അംഗബലവും മാനസിക കരുത്തും ഞങ്ങൾക്കുണ്ട്. പ്രമേയം പ്രഹസനമാണ്.' – ജി.വി.എൽ. നരസിംഹറാവു (ബിജെപി വക്താവ്).