Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരൂരിന്റെ ഓഫിസ് ആക്രമിച്ച സംഭവം: ലോക്സഭയിൽ വാക്പോര്

Loksabha

ന്യൂഡൽഹി ∙ ശശി തരൂർ എംപിയുടെ തിരുവനന്തപുരത്തെ ഓഫിസിനു നേർക്കുണ്ടായ ആക്രമണത്തെച്ചൊല്ലി ലോക്‌സഭയിൽ ഭരണ–പ്രതിപക്ഷ വാക്കുതർക്കം. ശശി തരൂർ തന്നെയാണ് സംഭവം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. 

ആക്രമണത്തിനു പിന്നിൽ ആരെന്ന കാര്യത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ പരസ്പരം പഴിചാരിയതോടെ ബഹളം ശക്തമായി. കോൺഗ്രസിനു പിന്തുണയുമായി സിപിഎം അംഗങ്ങളും അണിനിരന്നു. വിഷയത്തിൽ രാഷ്ട്രീയ കക്ഷികളുടെ പേരുകൾ വലിച്ചിഴയ്ക്കരുതെന്ന് ഡപ്യൂട്ടി സ്പീക്കർ  എം. തമ്പിദുരൈ ആവശ്യപ്പെട്ടു. ആരോപണ പ്രത്യാരോപണങ്ങൾക്കിടെ രാഷ്ട്രീയ കക്ഷികളുടെ പേരുകൾ ഉപയോഗിച്ചതു സഭാരേഖകളിൽനിന്നു നീക്കം ചെയ്യാനും  അദ്ദേഹം നിർദേശിച്ചു. 

ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആക്രമണത്തിന്റെ പേരിൽ ഒരു പ്രത്യേക പാർട്ടിയെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ വ്യക്തമാക്കി. പ്രതിസ്ഥാനത്തുള്ള കക്ഷിയുടെ പേര് താനല്ല പറഞ്ഞതെന്നും അതിലെ അംഗങ്ങൾ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ടെന്നും തരൂർ തിരിച്ചടിച്ചു. ആക്രമണത്തിനു പിന്നിൽ മറ്റൊരു കക്ഷിയാണെന്ന് അനന്ത് കുമാർ പറഞ്ഞതോടെ വാക്പോര് കനത്തു. തുടർന്നായിരുന്നു ഡപ്യൂട്ടി സ്പീക്കറുടെ ഇടപെടൽ.