കോൺഗ്രസ് പ്രാദേശിക പാർട്ടിയായെന്ന് ബിജെപി

ന്യൂഡൽഹി∙ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനു പിന്നാലെ കോൺഗ്രസിനെയും രാഹുലിനെയും കടന്നാക്രമിച്ചു ബിജെപി. 150 സീറ്റാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് പ്രാദേശിക പാർട്ടിയാണെന്നതിനു വ്യക്തത വന്നതായി ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു. പേരിൽ മാത്രമാണ് കോൺഗ്രസുള്ളത്. പ്രവർത്തക സമിതി യോഗത്തോടെ ഇക്കാര്യത്തിൽ വ്യക്തത വന്നു. ഇന്ത്യയെ പത്തുവർഷത്തോളം പിറകോട്ടു നടത്തിച്ചവരാണ് കോൺഗ്രസുകാർ. വഞ്ചനയും കള്ളവുമാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും ബിജെപി ആരോപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയെയും ബിജെപി പരിഹസിച്ചു.

വർക്കിങ് അല്ല നോൺ വർക്കിങ്ങാണ് കോൺഗ്രസിന്റെ സമിതിയും അധ്യക്ഷനുമെന്നായിരുന്നു പരാമർശം. സഖ്യം രൂപീകരണമടക്കമുള്ള ചുമതലകൾ രാഹുലിനെ ഏൽപിച്ചതിൽ പുതുമയെന്താണെന്നും സംബിത് പത്ര ചോദിച്ചു. മകനെ എങ്ങനെയും പ്രധാനമന്ത്രി പദത്തിലെത്തിക്കുകയെന്നതാണ് സോണിയ ഗാന്ധിയുടെ എപ്പോഴത്തെയും ലക്ഷ്യം. വോട്ടിങ് മെഷീനോടും സുപ്രീം കോടതിയോടുമെല്ലാം കോൺഗ്രസിന് അവിശ്വാസമാണ്. ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തെക്കുറിച്ചു രാഹുൽ എന്തു പറയുന്നുവെന്നും ബിജെപി ചോദിച്ചു. പ്രവർത്തക സമിതി യോഗത്തിൽ, മൻമോഹൻ സിങ് നടത്തിയ പ്രസംഗത്തെയും ബിജെപി വെറുതെവിട്ടില്ല. അഴിമതി വർധിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ യുപിഎ ശ്രമിച്ചതെന്നും കർഷക വരുമാനം ഇരട്ടിപ്പിക്കാനാണ് എൻഡിഎ ശ്രമമെന്നുമായിരുന്നു വിമർശനം.

ആലിംഗനം ‘വിടാതെ’ ബിജെപി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത ആലിംഗനത്തിൽ നിന്നു മുക്തമാകാതെ ബിജെപി. പാർട്ടിയുടെ മാധ്യമ വിഭാഗം കോഓർഡിനേറ്റർ അനിൽ ബലൂനി നടത്തിയ മാധ്യമ സമ്മേളനത്തിലും പ്രധാന ആരോപണം രാഹുലിന്റെ നാടകീയ നീക്കത്തിനെതിരെയായിരുന്നു. രാഹുലിന് പ്രധാനമന്ത്രിയെ ഒരു പക്ഷേ, ബലമായി ആലിംഗനം ചെയ്യാം. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ തിരിച്ചങ്ങനെ ചെയ്യുമെന്നു കരുതേണ്ടെന്നായിരുന്നു ബലൂനിയുടെ പ്രതികരണം. ബലം പ്രയോഗിച്ചാണ് രാഹുൽ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത്. 2024ൽ അവിശ്വാസം കൊണ്ടുവരാൻ സ്വയം ഒരുങ്ങുകയാണ് രാഹുലിപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞദിവസം യുപിയിൽ കർഷക റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രധാന ആരോപണം രാഹുലിന്റെ ആലിംഗനമായിരുന്നു.