Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷായുടെ പ്രസംഗം തടസ്സപ്പെടുത്തിയവരെ പുറത്താക്കാൻ വെങ്കയ്യ; പ്രതിപക്ഷം തടഞ്ഞു

amit-shah

ന്യൂഡൽഹി ∙ രാജ്യസഭയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രസംഗം തടസ്സപ്പെടുത്തിയ തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ പുറത്താക്കാൻ അധ്യക്ഷൻ എം.വെങ്കയ്യ നായിഡു നടത്തിയ ശ്രമം പ്രതിപക്ഷം തടഞ്ഞു. എന്നാൽ, കാർഷികമേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് അമിത് ഷാ തുടങ്ങിവച്ച ചർച്ച തുടരുകയാണു വേണ്ടതെന്നും തൃണമൂലിന്റെ പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷത്തെ ചില കക്ഷികൾ ആവശ്യപ്പെട്ടു.

അസമിലെ പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട അടിയന്തര ചർച്ച ആവശ്യപ്പെട്ടാണു തൃണമൂലിന്റെ ഏതാനും അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവച്ചത്. എന്നാൽ, ചർച്ച ഇന്നു നടത്താമെന്നു താൻ നേരത്തേ ഉറപ്പുനൽകിയതാണെന്നും അമിത് ഷാ പ്രസംഗം തുടങ്ങിയശേഷം ബഹളത്തിനിറങ്ങിയത് അംഗീകരിക്കാനാവില്ലെന്നും അധ്യക്ഷൻ പറഞ്ഞു. ബഹളക്കാരെ പുറത്താക്കാനുള്ള നടപടിക്കായി അധ്യക്ഷൻ സഭാ നടത്തിപ്പിലെ 255–ാം ചട്ടം വായിക്കാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷം എതിർത്തു. ഇടയ്ക്കു രണ്ടുതവണ സഭ നിർത്തിവച്ചു.

പിന്നീട്, സഭയിലെ കക്ഷിനേതാക്കൾ നിലപാടു വ്യക്തമാക്കാൻ അധ്യക്ഷൻ ആവശ്യപ്പെട്ടു. ചില പ്രശ്നങ്ങളിൽ അംഗങ്ങളിൽ ചിലർ പ്രതിഷേധത്തിലാണെന്നും സഭ ശാന്തമായ ശേഷം മതി ചർച്ചയെന്നും കോൺഗ്രസിന്റെ ആനന്ദ് ശർമ വ്യക്തമാക്കി. ടിഡിപി പ്രതിഷേധക്കാരെ പിന്തുണച്ചു. എന്നാൽ‍, സമാജ്‌വാദി പാർട്ടി, സിപിഐ, ബിജെഡി തുടങ്ങിയ കക്ഷികൾ കാർഷിക പ്രശ്നത്തിൽ ചർച്ച തുടരട്ടെയെന്നു വാദിച്ചു. പ്രശ്നം പരിഹരിച്ചശേഷം ചർച്ച തുടരാമെന്നു സിപിഎം വ്യക്തമാക്കി. സഭ തുടരാൻ തൃണമൂൽ അംഗങ്ങൾ അനുവദിക്കില്ലെന്ന സ്ഥിതിയിൽ, ചർച്ച ഇന്നത്തേക്കു മാറ്റുകയാണെന്നും സഭ നിർത്തുന്നുവെന്നും അധ്യക്ഷൻ വ്യക്തമാക്കി.