കുഞ്ഞ് കരഞ്ഞു; ഇന്ത്യൻ കുടുംബത്തെ വിമാനത്തിൽ നിന്നു പുറത്താക്കി

ന്യൂഡൽഹി∙ മൂന്നു വയസ്സുള്ള കുഞ്ഞു കരഞ്ഞതിന്റെ പേരിൽ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥനെയും കുടുംബത്തെയും ബ്രിട്ടിഷ് എയർവെയ്സ് വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. കരയുന്ന കുട്ടിക്കു ബിസ്കറ്റ് നൽകി സമാധാനിപ്പിക്കാൻ ശ്രമിച്ച മറ്റൊരു ഇന്ത്യൻ കുടുംബത്തെയും പുറത്താക്കി. ഗതാഗത–ഹൈവേ വകുപ്പിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെയാണു ജൂലൈ 23നു ലണ്ടൻ – ബെർലിൻ വിമാനത്തിൽനിന്നു പുറത്താക്കിയത്.

ബ്രിട്ടിഷ് എയർവെയ്സ് വംശീയാധിപേക്ഷമാണു കാട്ടിയതെന്നു കാണിച്ച് ഉദ്യോഗസ്ഥൻ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനു പരാതി നൽകി. പരാതിയൽ പറയുന്നത്: ‘വിമാനം റൺവേയിലേക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണു കുട്ടി കരഞ്ഞത്. ഇതോടെ, കുഞ്ഞിനെ അമ്മ സീറ്റിൽനിന്നു കയ്യിലെടുത്തു.

എന്നാൽ, വിമാന ജീവനക്കാരിലൊരാൾ എത്തി കുട്ടിയെ സീറ്റിലിരുത്താൻ അട്ടഹസിച്ചു. ഇതോടെ ഭയന്ന കുട്ടി ഉച്ചത്തിൽ കരഞ്ഞു. വീണ്ടുമെത്തിയ വിമാന ജീവനക്കാരൻ അശ്ലീലവാക്കുകൾ ഉപയോഗിച്ചു കുഞ്ഞിനെയും അമ്മയെയും അധിക്ഷേപിച്ചു. തുടർന്നു വിമാനം തിരിച്ചുകൊണ്ടുവന്നു രണ്ടു കുടുംബങ്ങളെയും പുറത്താക്കുകയായിരുന്നു. കാരണം പറയാൻപോലും അധികൃതർ തയാറായില്ല.’ സംഭവം ഗൗരവമായി കാണുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ബ്രിട്ടിഷ് എയർവെയ്സ് വ്യക്തമാക്കിയിട്ടുണ്ട്.