എടിഎം തട്ടിപ്പ്; മലയാളിക്ക് 80,000 രൂപ നഷ്ടമായി

ബെംഗളൂരു ∙ എടിഎം കാർഡ് തട്ടിപ്പിൽ ബെംഗളൂരു മലയാളിക്ക് 80000 രൂപ നഷ്ടമായി. വ്യാജ കാർഡ് ഉപയോഗിച്ച് കഴിഞ്ഞ ദിവസം രാത്രി 11.50നും 12.30നും ഇടയിൽ എട്ടുതവണ ആയാണ് പണം പിൻവലിച്ചതെന്ന് കനക്പുര മെയ്ൻറോഡ് നിവാസിയും ഒറ്റപ്പാലം സ്വദേശിയുമായ എം.ജനാർദനൻ നൽകിയ പരാതിയിൽ പറയുന്നു.

കൊച്ചിയിലെ എസ്ബിഐ എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. രാത്രി ആയതിനാൽ സന്ദേശം ശ്രദ്ധിച്ചില്ല. ഇന്നലെ രാവിലെ കാർഡ് ബ്ലോക്ക് ചെയ്യുകയും ബാങ്കിൽ പരാതി നൽകുകയും ചെയ്തു. പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്.

ആധാർ വിവരം പരസ്യപ്പെടുത്തരുതെന്ന വിധത്തിൽ തന്റെ വാട്സാപ്പ് നമ്പരിലേക്കു വന്ന സന്ദേശം താൻ തുറന്നിരുന്നുവെന്നു ജനാർദനൻ പറയുന്നു. എടിഎം വിവരങ്ങൾ ഇതുവഴിയാണോ ചോർന്നതെന്നു സംശയിക്കുന്നു.