ഗൗരി ലങ്കേഷ് വധം: ഒരാൾകൂടി അറസ്റ്റിൽ

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഖാനാപുരയിലെ ഹോട്ടൽ വ്യാപാരിയായ  ബെളഗാവി സാംബാജി ഗലി സ്വദേശി ഭരത് കുർനെയെ (37യാണ് അറസ്റ്റ് ചെയ്തത്. 

ഉഡുപ്പിയിൽ നിന്നു കസ്റ്റഡിയിലെടുത്ത ഹിന്ദു ജനജാഗൃതി സമിതി പ്രവർത്തകരായ സന്ദേശ് ഷെട്ടി പഡെബെട്ടു (28), യുവരാജ് കാഞ്ചിനടുക്ക (30) എന്നിവരെ  ബെംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യുന്നു. ഭരത് കുർനെയെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിട്ടു കിട്ടാൻ എസ്ഐടി സമർപ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും. 

ഗൗരിക്കു നേരെ വെടിയുതിർത്ത പരശുറാം വാഗ്മർക്ക് അഭയം നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ശിവ് പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ എന്ന തീവ്രഹിന്ദു സംഘടനയുടെ സജീവ പ്രവർത്തകനായ ഇയാളെ അറസ്റ്റ് ചെയ്തത്.