ജോലി തട്ടിപ്പ്: നൈജീരിയക്കാരനും മുംബൈ സ്വദേശിയും സംഘവും പിടിയിൽ

കോട്ടയത്തു നിന്നുള്ള പൊലീസ് സംഘം തൊഴിൽത്തട്ടിപ്പു കേസിൽ വസായിൽ നിന്നു നൈജീരിയക്കാരനെ അറസ്റ്റ് ചെയ്തപ്പോൾ.

വസായ് ∙ അമേരിക്കൻ കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ നൈജീരിയക്കാരനെ വസായിൽനിന്നു കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളിയായ യുവാവും പങ്കാളിയായ പുണെ സ്വദേശി യുവതിയും പിടിയിലായി. മൂന്നുപേരെയും ഇന്നു കേരളത്തിലേക്കു കൊണ്ടുപോകും.

നൈജീരിയക്കാരൻ ബെഞ്ചമിൻ ബാബഫേമി, പങ്കാളി പുണെ സ്വദേശി ശീതൾ, കൂട്ടാളി മുംബൈയ്ക്കടുത്ത് ഗോവണ്ടി നിവാസിയായ വിനോദ് കട്ടാരിയ എന്നിവരാണു പിടിയിലായത്.  മറൈൻ എൻജിനീയറിങ് ബിരുദധാരിയായ കോട്ടയം ഗാന്ധിനഗറിലെ ജോസഫ് ദിലീപ് നൽകി പരാതിയിലാണ് അറസ്റ്റ്. ‌ദിലീപിനെ ഓൺലൈനിൽ ബന്ധപെട്ട ബെഞ്ചമിൻ യുഎസ് കപ്പലിൽ ജോലിക്കുള്ള വീസയും മറ്റും വാഗ്ദാനംചെയ്തു പലതവണകളായി ലക്ഷങ്ങൾ വാങ്ങുകയായിരുന്നു.

വിനോദ് കട്ടാരിയയുടെ ബാങ്ക് അക്കൗണ്ടിലേക്കാണു പണം വാങ്ങിയിരുന്നത്. തുടർന്നു നടപടികൾ വൈകുകയും കൃത്യമായ മറുപടികൾ ഇല്ലാതെ വരികയും ചെയ്തപ്പോൾ തട്ടിപ്പു മനസ്സിലാക്കിയാണു ദിലീപ് ഗാന്ധിനഗർ പൊലീസിനെ സമീപിക്കുന്നത്. പുണെ സ്വദേശിയും ബെഞ്ചമിന്റെ പങ്കാളിയുമായ ശീതൾ എടിഎം കാർഡ്‌ ഉപയോഗിച്ചു പണം പിൻവലിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നു പ്രതികളെ പിടികൂടിയ കോട്ടയം വെസ്റ്റ് പൊലിസ് എസ്ഐ: എം.ജെ.അരുൺ പറഞ്ഞു. കഴിഞ്ഞ 26 മുതൽ മഹാരാഷ്ട്രയിൽ എത്തിയ എസ്ഐ, എഎസ്ഐ: ഷിബുകുട്ടൻ, സിവിൽ ഓഫിസർ ബിനുകുമാർ എന്നിവർ ആദ്യം കട്ടാരിയയെ പിടികൂടി. പിന്നീടു ശീതളിനെ പുണെയിൽനിന്നു കസ്റ്റഡിയിലെടുത്തു.

ഇന്നലെ വസായ് ഈസ്റ്റ്‌ എവർഷൈൻ സിറ്റിയിൽ ഓറൽറ്റ് ക്ലാസിക് ബിൽഡിങ്ങിലെ നാലാം നിലയിൽ  താമസിച്ചിരുന്ന പ്രധാന പ്രതി നൈജീരിയൻ യുവാവിനെയും പിടികൂടുകയിരുന്നു. ലാപ്ടോപ്, മൊബൈൽ ഫോണുകൾ, കട്ടാരിയയുടേതടക്കം രണ്ട് എടിഎം കാർഡുകൾ എന്നിവ  കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.