Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ദിലുണ്ടായ ഐക്യം തുടരാൻ മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ

മുംബൈ ∙ ഇന്ധനവില വർധനയ്ക്കെതിരെ തിങ്കളാഴ്ച നടത്തിയ ബന്ദിലുണ്ടായ പ്രതിപക്ഷ ഐക്യം വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ്-എൻസിപി നീക്കങ്ങൾക്കു വീര്യം പകരുന്നു.

മുംബൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ഭാരത് ബന്ദ് സ്പർശിക്കുന്നതു പതിവില്ലാത്ത കാഴ്ചയായി. വലിയൊരു വിഭാഗം വ്യാപാരികൾ സ്വമേധയാ കടയടച്ചു. ബന്ദിനെ പിന്തുണച്ചതിൽ ജിഎസ്ടി, നോട്ടുനിരോധനം ഉൾപ്പെടെയുള്ള നടപടികളോടുള്ള അമർഷമാണു പ്രതിഫലിച്ചതെന്നാണു പ്രതിപക്ഷ വിലയിരുത്തൽ. ബന്ദോ ഭീകരാക്രമണമോ നടന്നാൽ പോലും ജോലി മുടക്കാത്ത നഗരത്തിലെ ഉദ്യോഗസ്ഥരിൽ നല്ലൊരു ശതമാനം ബന്ദ് ദിവസം അവധി എടുത്തു വീട്ടിൽ ഇരുന്നു.

ഇന്ധന വിലവർധന പോലുള്ള പൊതുപ്രശ്‌നത്തെ നേരിടുന്നതിൽ മധ്യവർഗം ഒപ്പമുണ്ടെന്ന പ്രതീതി ഇതു നൽകി. നഗരത്തിലെ മിക്ക ഓഫിസുകളും സ്ഥാപനങ്ങളും ബന്ദ്് ദിവസം തുറന്നിട്ടും ഹാജർ കുറഞ്ഞതു പ്രതിപക്ഷ പാർട്ടികൾ ലോക്കൽ ട്രെയിൻ തടസ്സപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാവില്ലല്ലോ എന്ന് പ്രവർത്തകർ തന്നെ പറയുന്നു. ബന്ദിനു ശേഷമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രതികരണങ്ങളിൽ ജനപിന്തുണയുടെ ആവേശം പ്രകടമായിരുന്നു.

എംഎൻഎസിനെ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള സാധ്യത കുറവാണെങ്കിലും മറ്റു കക്ഷികൾ എല്ലാവരും തന്നെ വിശാല സഖ്യത്തിന്റെ ഭാഗമായേക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിച്ചു മത്സരിച്ച കോൺഗ്രസും എൻസിപിയുമാണു സഖ്യസന്നദ്ധത ആദ്യം പ്രഖ്യാപിച്ചത്. ഈയിടെ എൻഡിഎ വിട്ട സ്വാഭിമാനി ഷേത്കാരി സംഘടനാ നേതാവ്് രാജുഷെട്ടി എംപി മാന്യമായ സീറ്റുധാരണ ഉണ്ടായാൽ പ്രതിപക്ഷ നിരയ്ക്കൊപ്പം തുടരുമെന്നാണു ബന്ദിനു ശേഷം പ്രതികരിച്ചത്. സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളിൽ ആറെണ്ണത്തിനു കർഷക മേഖലകളിൽ സ്വാധീനമുള്ള ഷെട്ടി അവകാശവാദം ഉന്നയിച്ചു.

2014ൽ എൻഡിഎയുടെ ഭാഗമായി മത്സരിച്ച് കോലാപ്പുർ ജില്ലയിലെ ഹത്കണങ്കലെനിന്നാണു രാജുഷെട്ടി വിജയിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സമരം നയിച്ച ഷെട്ടിയും സ്വാഭിമാനി ഷേത്കാരി സംഘടനയും മുന്നണിവിടുകയായിരുന്നു.

മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണമെന്നും പ്രതിപക്ഷ സഖ്യത്തിനു തങ്ങൾ സന്നദ്ധമാണെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മിയും ബന്ദിനു ശേഷം പറഞ്ഞു. ഭരണപങ്കാളിത്തം തുടരുകയും അതേസമയം, കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്യുന്ന ശിവസേനയുടെ നയം ജനമധ്യത്തിൽ ചർച്ചയാക്കാനും ഇന്ധനവില വർധനയ്‌ക്കെതിരായ പ്രക്ഷോഭം പ്രതിപക്ഷനിര ഉപയോഗിച്ചു. ഇന്ധനവില വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപിയെ വിമർശിക്കുന്ന ശിവസേനയെ ബന്ദിൽ സഹകരിക്കാൻ കോൺഗ്രസും എൻസിപിയും ക്ഷണിച്ചതിന്റെ ഉദ്ദേശ്യം ഇതുതന്നെ. ശിവസേനയ്ക്കാകട്ടെ തൊടുന്യായങ്ങൾ പറഞ്ഞ് ഒഴിയേണ്ടതായും വന്നു.

ബിജെപിക്കൊപ്പം ഇനി സഖ്യത്തിനില്ലെന്ന ശിവസേനയുടെ വാക്ക് വിശ്വസിക്കാമോയെന്നതാണു ചോദ്യം. സഖ്യം വിട്ട് ശിവസേന ഒറ്റയ്ക്കു മൽസരിക്കുകയും പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കുകയും ചെയ്താൽ അതു ബിജെപിക്കു വെല്ലുവിളിയാകും. എന്നാൽ സേന അതിനു മുന്നോട്ടുവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കോൺഗ്രസ് നേതൃത്വത്തിൽ ഒന്നിച്ച്

കോൺഗ്രസ് നേതൃത്വം നൽകിയ ബന്ദിനു എൻസിപി, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്), സമാജ്‌വാദി പാർട്ടി, രാജുഷെട്ടിയുടെ സ്വാഭിമാനി ഷേത്കാരി സംഘടന, രാജേന്ദ്ര ഗവായും ജോഗേന്ദ്ര കവാഡെയും നേതൃത്വം നൽകുന്ന റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(ആർപിഐ) വിഭാഗങ്ങൾ പ്രത്യക്ഷ പിന്തുണ നൽകി.

∙ 'ഇതൊരു നല്ല തുടക്കമാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ ഒട്ടേറെ പാർട്ടികൾ സംസ്ഥാനത്ത് ഒന്നിച്ച്് അണിനിരക്കുമെന്നുമാണു പ്രതീക്ഷ.' - ജയന്ത് പാട്ടീൽ, എൻസിപി അധ്യക്ഷൻ

∙ 'സമാനചിന്താഗതിക്കാരായ പാർട്ടികൾക്ക് ഒന്നിക്കാൻ ബന്ദ് നിമിത്തമായി; പൊതുതാൽപര്യങ്ങൾ മുൻനിർത്തിയുള്ള സഖ്യരൂപീകരണത്തിനായി ഇനി ഈ കക്ഷികൾ ഒന്നിച്ചിരിക്കണം.' - അശോക് ചവാൻ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ