Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവ അനിശ്ചിതത്വം; പ്രശ്നം തീർക്കാൻ കേന്ദ്രസംഘമെത്തി

Manohar Parrikar മനോഹര്‍ പരീക്കർ (ഫയൽ ചിത്രം)

പനജി ∙ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ ശനിയാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ, സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ മൂന്നംഗ കേന്ദ്രസംഘമെത്തി. ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ ബി.എൽ.സന്തോഷ്, രാം ലാൽ, ഗോവയുടെ ചുമതലയുള്ള വിജയ് പുരാനിക് എന്നിവരെയാണു ഗോവയിലേക്ക് അയച്ചത്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (എയിംസ്) ൽ പ്രവേശിപ്പിക്കപ്പെട്ട പരീക്കർ തിരിച്ചെത്തുംവരെ പകരം സംവിധാനം ഒരുക്കാനാണു ശ്രമം.

ചെറുപാർട്ടികളുടെയും സ്വതന്ത്രൻമാരുടെയും പിന്തുണയോടെയാണ് ഗോവയിലെ ബിജെപി ഭരണം. പാർട്ടി എംഎൽഎമാരുമായി കേന്ദ്രസംഘം ചർച്ച നടത്തിയെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്‌പി), മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) എന്നീ സഖ്യകക്ഷികളുമായും സ്വതന്ത്രരുമായും സംഘം ചർച്ച നടത്തുന്നുണ്ട്. പുതിയ മുഖ്യമന്ത്രി അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാൻ ഈ കക്ഷികൾ ബിജെപിയിൽ ലയിക്കണമെന്നുള്ള നിർദേശവും ഉയർന്നിരുന്നു.

40 അംഗ ഗോവ നിയമസഭയിൽ ബിജെപിക്ക് 14 എംഎൽഎമാരാണുള്ളത്. ജിഎഫ്‌പി, എംജിപി കക്ഷികൾക്കു മൂന്നുവീതവും. മൂന്നു സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷമായ കോൺഗ്രസിന് 16 അംഗങ്ങളുണ്ട്. എൻസിപിക്ക് ഒരാളും. സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ഗോവയിൽ സർക്കാരുണ്ടാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

യുഎസിൽ മൂന്നുമാസ ചികിൽസയ്ക്കുശേഷം തിരിച്ചെത്തിയ പരീക്കറെ ശനിയാഴ്ച എയിംസിൽ പ്രവേശിപ്പിച്ചതിനു തൊട്ടുപിന്നാലെ, ഭരണച്ചുമതല മറ്റാർക്കെങ്കിലും കൈമാറണമെന്ന് എംജിപി പരസ്യമായി ആവശ്യപ്പെട്ടിരുന്നു.