തദ്ദേശ തിരഞ്ഞെടുപ്പ്: പഞ്ചാബിൽ തിളങ്ങി കോൺഗ്രസ്

ചണ്ഡിഗഡ്∙ പഞ്ചാബിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരാളികളെ തകർത്തെറിഞ്ഞ് കോൺഗ്രസിനു വൻവിജയം. ആകെയുള്ള 354 ജില്ലാ പരിഷത്ത് സീറ്റുകളിൽ 331 എണ്ണവും കോൺഗ്രസ് നേടി. ശിരോമണി അകാലി ദളിന് പതിനെട്ടും ബിജെപിക്ക് രണ്ടും സീറ്റുകൾ ലഭിച്ചപ്പോൾ ഒറ്റ സീറ്റും നേടാനാവാതെ ആം ആദ്മി പാർട്ടി നിലംപൊത്തി.

150 പഞ്ചായത്തുകളിലായുള്ള 2899 സീറ്റുകളിൽ 2351 എണ്ണം കോൺഗ്രസിനു നേടാനായി. ശിരോമണി അകാലി ദൾ– 353, ബിജെപി–63, ആം ആദ്മി പാർട്ടി– 20, സിപിഎം–2, മറ്റുള്ളവർ–107 എന്നിങ്ങനെയാണ് ബാക്കി സീറ്റുകളിലെ ഫലം.

കോൺഗ്രസിൽ ജനങ്ങൾ വീണ്ടും വിശ്വാസം അർപ്പിക്കുകയും പാർട്ടിക്ക് പൂർണപിന്തുണ നൽകുകയും ചെയ്തിരിക്കുന്നുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികളുടെ വിഭാഗീയ സമീപനങ്ങളെ ജനങ്ങൾ പൂർണമായി തള്ളിക്കളഞ്ഞുവെന്നതാണ് അവരുടെ ദയനീയ പരാജയം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.