റഫാൽ: കോൺഗ്രസ് – ജയ്റ്റ്‌ലി നേർക്കുനേർ; മിണ്ടാതെ മോദി

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പോർവിളിയുമായി കോൺഗ്രസും ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും. ആരോപണത്തിനു പിന്നിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെയും ഒത്തുകളിയുണ്ടെന്ന് ആരോപിച്ച ജയ്‌റ്റ്ലി ഇടപാടിൽ നിന്നു പിന്നോട്ടില്ലെന്നു വ്യ‌ക്തമാക്കി. മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെയായിരുന്നു കോൺഗ്രസിന്റെ കടന്നാക്രമണം. മന്ത്രിസഭയെ പോലും അറിയിക്കാതെ മോദി ഒറ്റയ്ക്കു നടത്തിയ ഗൂഢാലോചനയാണിതെന്നും സ്വകാര്യകമ്പനിക്കു വിവരങ്ങൾ ചോർത്തി നൽകിയതു സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആരോപിച്ചു.

രാഹുലും ഒലോൻദും ഒരുപോലെ പ്രതികരിച്ചതിൽ സംശയം പ്രകടിപ്പിച്ച് ജയ്റ്റ്‌ലിയാണ് ആദ്യം രംഗത്തെത്തിയത്. മുൻ നിശ്ചയിച്ച പ്രകാരമാണ് ഇരുവരുടെയും പ്രതികരണങ്ങൾ. കോൺഗ്രസിന്റെ ആരോപണങ്ങളിൽ കഴമ്പില്ല. റഫാൽ ഇടപാട് സംശുദ്ധമാണ്. കരാർ റദ്ദാക്കില്ല. കുറഞ്ഞ വിലയ്ക്കാണോ കൂടിയ വിലയ്ക്കാണോ വാങ്ങിയതെന്ന കാര്യം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (സിഎജി) ബോധ്യപ്പെടുത്തും – ജയ്റ്റ്‌ലി പറഞ്ഞു.

മോദി മാത്രമാണ് പ്രതികരിക്കേണ്ടതെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് വക്താവ് ആനന്ദ് ശർമ, മോദിക്കെതിരായ ആരോപണങ്ങൾക്ക് അദ്ദേഹം  മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു.