Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദിയുടെ 637 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Nirav-Modi-1 നീരവ് മോദി

ന്യൂഡൽഹി∙ ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ന്യൂയോർക്കിലെ ഫ്ലാറ്റുകളടക്കം 637 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ന്യൂയോർക്കിലെ പ്രശസ്തമായ സെൻട്രൽ പാർക്കിലെ 2 അപാ‍ർട്മെന്റുകൾ, ലണ്ടനിലെയും മുംബൈയിലെയും ഫ്ലാറ്റ്, വിദേശ ബാങ്ക് അക്കൗണ്ടുകളിലെ പണം, വിദേശത്തുനിന്ന് മുംബൈയിലേക്ക് അയച്ച വജ്രാഭരണം എന്നിവയാണ് കണ്ടുകെട്ടിയത്.

വിദേശരാജ്യങ്ങളിലെ സമാന ഏജൻസികളുമായി 3 മാസമായി നടത്തിവന്ന ഏകോപനത്തിനൊടുവിലാണ് ഇവ കണ്ടുകെട്ടാനായത്. ഏതാനും കേസുകളിൽ മാത്രമേ ഇതിനു മുൻപ് ഇന്ത്യൻ ഏജൻസികൾ വിദേശത്തെ സ്വത്തു കണ്ടുകെട്ടിയിട്ടുള്ളൂ. ന്യൂയോർക്കിലെ 2 അപാർട്മെന്റുകൾക്ക് 216 കോടി രൂപ വിലവരും. ലണ്ടനിലെ ഫ്ലാറ്റിന്റെ മൂല്യം 56.97 കോടിയും മുംബൈയിലേതിന്റേത് 19.5 കോടിയുമാണ്. സിംഗപ്പൂർ ബാങ്കിലെ 44 കോടി അടക്കം വിവിധ ബാങ്കുകളിൽ 278 കോടി രൂപയുടെ നിക്ഷേപമുണ്ട്. വജ്രാഭരണങ്ങൾക്ക് 22.69 കോടി രൂപ കണക്കാക്കുന്നു.

നീരവ്, സഹോദരി പുർവി, ഭർത്താവ് മൈനാങ്ക് മേത്ത, ഇവരുടെ വിവിധ കമ്പനികൾ എന്നിവരുടേതാണ് ഈ സ്വത്തുക്കൾ. പുർവിയും തട്ടിപ്പുകേസിൽ പ്രതിയാണ്. നീരവ് മോദിയുടെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനും കേസിലെ പ്രതിയുമായ ആദിത്യ നാനാവതിക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചതായും അധികൃതർ അറിയിച്ചു.